വിവാദങ്ങള്‍ക്ക് ഒടുവില്‍ തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ എ ബി വി പി കൊടിമരം സ്ഥാപിച്ചു

വിവാദങ്ങള്‍ക്ക് ഒടുവില്‍ തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ എ ബി വി പി കൊടിമരം സ്ഥാപിച്ചു. രാവിലെ കൊടിമരവുമായി എത്തിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി. കോളജില്‍ ഫ്രട്ടേണിറ്റി പ്രവര്‍ത്തകരുടെ ജാഥക്ക് ശേഷം കൊടിമരം സ്ഥാപിക്കാം എന്ന് പൊലീസ് വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ തള്ളികയറാന്‍ ശ്രമിച്ചു.പിന്നീട് ഡി വൈ എസ് പി വേണുഗോപാലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി. ഫ്രട്ടേണിറ്റി പ്രവര്‍ത്തകരുടെ ജാഥക്ക് ശേഷം കൊടിമരം സ്ഥാപിക്കാന്‍ വിദ്യാര്‍ത്ഥികള്‍ സമ്മതിച്ചു. തങ്ങളുടെ കൊടിമരം മാത്രം അനുവദിക്കില്ലന്ന നിലപാട് അംഗീകരിക്കാനാവില്ലന്ന് എ ബി വി പി നേതാക്കള്‍ വ്യക്തമാക്കി.കഴിഞ്ഞ ദിവസം ബ്രണ്ണന്‍ കോളജില്‍ എ.ബി.വി.പി സ്ഥാപിച്ച കൊടിമരം പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ എടുത്തുമാറ്റിയിരുന്നു . എ.ബി.വി.പി പ്രവര്‍ത്തകന്‍ വിശാലിന്റെ ബലിദാന ദിനത്തോടനുബന്ധിച്ച്‌ കോളജില്‍ എ.ബി.വി.പി സ്ഥാപിച്ച കൊടിമരമാണ് പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ എടുത്തുമാറ്റിയത്. ഈ കൊടിമരം തകര്‍ക്കുമെന്ന് നേരത്തെ എസ്.എഫ്.ഐ ഭീഷണിയുണ്ടായിരുന്നു. ഇതെ തുടര്‍ന്ന് കോളേജില്‍ വലിയ പൊലീസ് സന്നാഹവും സജ്ജരായിരുന്നു. കൊടിമരം പ്രിന്‍സിപ്പല്‍ എടുത്തുമാറ്റിയത് കോളേജില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബുധനാഴ്ച രാത്രി പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് സംഘപരിവാര്‍ സംഘടനകള്‍ മാര്‍ച്ച്‌ നടത്തുകയും ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.

Advertisements

കണിയാർവയലിനെ ഗതാഗത കുരുക്കിലാക്കി മരങ്ങൾ

തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിലെ ജംക്‌ഷനായ കണിയാർവയലിനെ ഗതാഗത കുരുക്കിലാക്കി മരങ്ങൾ.ബസ് സ്റ്റോപ്പിലെ കൂറ്റൻ മരങ്ങൾ കാരണം ടൗണിനു വീതി കൂട്ടാൻ കഴിയുന്നില്ല.ഇവ മുറിച്ചു മാറ്റി ഓടകൾ പണിത് റോഡ് വീതി കൂട്ടിയാൽ ഇവിടുത്തെ ഗതാഗത കുരുക്കും അപകട ഭീഷണിയും ഒഴിവാകും.പിഡബ്ല്യുഡിയുടെ ഭാഗത്തു നിന്ന് അടിയന്തിര ഇടപെടൽ വേണമെന്ന ആവശ്യം വ്യാപകമായി. മലപ്പട്ടം, കാഞ്ഞിലേരി റോഡുകൾ സന്ധിക്കുന്ന ജംക്‌ഷനാണിത്. ഇരു റോഡുകളും ടാറിങ് നടത്തി വികസിപ്പിക്കുന്നതോടെ ഇവിടെ തിരക്ക് കൂടും.നാട്ടുകാർക്ക് റോഡരികിലൂടെ നടക്കാൻ സ്ഥലമില്ല എന്ന അവസ്ഥയാണിപ്പോൾ. ഒരു ഭാഗത്ത് ഓട്ടോകൾ, മരങ്ങൾ വേറെ.റോഡിൽ ടാറിങ്ങിനോട് ചേർന്നാണ് ബസ് കാത്തിരിപ്പ് കേന്ദ്രം. ഇരിക്കൂർ ഭാഗത്തു നിന്ന് കുന്നിറങ്ങി വരുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് എല്ലാം തകർക്കുമോ എന്ന പേടിയിലാണ് നാട്ടുകാർ.ഇറക്കവും വളവും നിറഞ്ഞ സ്ഥലത്ത് സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ എപ്പോഴും ഉണ്ടാകും എന്നതും അപകട സാധ്യത വർധിപ്പിക്കുന്നു.

കര്‍ണാടകയില്‍ ഗവര്‍ണറുടെ ഇടപെടല്‍; സര്‍ക്കാര്‍ ഉച്ചയ്ക്ക് 1.30ന് സഭയില്‍ വിശ്വാസം തേടണമെന്ന് നിര്‍ദേശം

ഇന്ന് ഉച്ചയ്ക്ക് 1.30ന് തന്നെ എച്ച്‌.ഡി.കുമാരസ്വാമിയുടെ മന്ത്രിസഭ വിശ്വാസം തെളിയിക്കണമെന്ന് ഗവര്‍ണറുടെ നിര്‍ദേശം. വ്യാഴാഴ്ച്ച വിശ്വാസം തേടാനുള്ള ആവശ്യം തള്ളിയതിനാലാണ് ഗവര്‍ണര്‍ സമയപരിധി നിശ്ചയിച്ചത്.ഇന്നലെ രാത്രിയോടെയാണ് ഗവര്‍ണര്‍ വാജുഭായ് വാല മന്ത്രിസഭയ്ക്ക് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച്ച വിശ്വാസവോട്ടെടുപ്പ് നടക്കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം വിധാന്‍ സൗധയിലാണ് രാത്രി കഴിചച്ചുകൂട്ടിയത്.വിശ്വാസവോട്ടെടുപ്പ് നടത്താതെ അനാവശ്യ ചര്‍ച്ചകളും മറ്റുമാണ് സഭയില്‍ നടക്കുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ഇന്ന് സഭ ചേരുന്നത് വരെ സഭയില്‍ തന്നെ കഴിയാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.വ്യാഴാഴ്ച്ച വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ നിര്‍ദേശം സ്പീക്കര്‍ കെ.ആര്‍.രമേഷ്കുമാര്‍ തള്ളിയിരുന്നു. വ്യാഴാഴ്ച്ച കൂടിയ സഭ വെള്ളിയാഴ്ചത്തേക്ക് പിരിയാന്‍ നിര്‍ദേശിക്കുകയും ചെയ്തു സ്പീക്കര്‍. ഇതോടെയാണ് ഇന്ന് ഉച്ചയ്ക്ക് 1.30ന് താനെ വിശ്വാസവോട്ടെടുപ്പ് നേരിടണം എന്ന് ഗവര്‍ണര്‍ സമയപരിധി വെച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട്കൊണ്ട് ഇന്നലെ രാത്രി കത്ത് നല്‍കുകയും ചെയ്തിരുന്നു.

കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ

കാറിൽ കടത്തുകയായിരുന്ന ആറുകിലോ കഞ്ചാവുമായി തളിപ്പറമ്പ് സ്വദേശിയെ പാനൂർ പോലീസ് പിടികൂടി. കുറുമാത്തൂരിലെ ചക്കന്റകത്ത് അബ്ദുൾ ജാഫറിനെയാണ് (46) എസ്.ഐ. ജയശങ്കറും സംഘവും പിടികൂടിയത്. മുത്താറിപീടിക ലക്ഷംവീട് കോളനിക്കു സമീപം വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ വാഹനപരിശോധന നടത്തുന്നതിനിടെയാണ് സംഭവം.നിർത്താതെ പോയ കാറിനെ പിന്തുടർന്ന പോലീസ് പെട്രോൾപമ്പിന് സമീപം വെച്ചാണ് പിടികൂടിയത്. പാനൂർ ഭാഗത്തുനിന്ന്‌ മറ്റൊരു പോലീസ് വാഹനം വന്നതോടെ കാർ ഇടവഴിയിലേക്ക് ഇടിച്ചുകയറ്റി. കാറിൽനിന്ന്‌ ഇറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.മുൻഭാഗത്തെ സീറ്റിനടിയിലും പിൻഭാഗത്തുമായി ചെറിയ പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലായിരുന്നു കഞ്ചാവുപൊതികൾ. ഓരോ കിലോഗ്രാമിന്റെ പൊതികളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.തളിപ്പറമ്പിൽ 16 കിലോഗ്രാം കഞ്ചാവുകടത്തിയ കേസിൽ പ്രതിയാണ് ഇയാളെന്ന് എസ്.ഐ. ജെ.കെ.ജയശങ്കർ പറഞ്ഞു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കെ.എസ്.യു സംസ്ഥാന വ്യാപകമായി ഇന്ന് പഠിപ്പ് മുടക്കും

കെ എസ് യു സംസ്ഥാന വ്യാപകമായി ഇന്ന് പഠിപ്പു മുടക്കുന്നു. സെക്രട്ടേറിയേറ്റിന് മുന്നില്‍ സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത് തുടരുന്ന നിരാഹാര സമരത്തോട് സംസ്ഥാന സര്‍ക്കാര്‍ അവഗണന തുടരുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം.ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള സ്കൂളുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ രാപ്പകല്‍ സമരം നടത്താനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പിഎസ് സി, സര്‍വ്വകലാശാല പരീക്ഷകളിലെ ക്രമക്കേട് എന്നിവയില്‍ സിബിഐ അന്വേഷണം വേണമെന്നാണ് കെഎസ് യു ആവശ്യം.

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം ; അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെത്തി

യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടയില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. കേസിലെ മുഖ്യപ്രതികളെ പൊലീസ് കോളേജിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തുന്നതിനിടയിലാണ് കത്തി കണ്ടെത്തിയത്.കോളേജിലെ ചവറു കൂന്നയ്ക്കുള്ളിലാണ് കത്തി ഒളിപ്പിച്ചിരുന്നത്. കേസിലെ ഒന്നാം പ്രതിയും എസ്‌എഫ്‌ഐ നേതാവുമായ ശിവരഞ്ജിത്താണ് ചവറുകൂനയില്‍ നിന്നും കത്തി പോലീസിന് കാണിച്ചു കൊടുത്തത്. കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തിനേയും നസീമിനേയുമാണ് തെളിവെടുപ്പിനായി പോലീസ് കോളജില്‍ എത്തിച്ചത്.കോളേജിലെ യൂണിയന്‍ മുറിയില്‍ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തി. ഏറെ ചോദ്യം ചെയ്യലിന് ശേഷമാണ് ആയുധം ഉപേക്ഷിച്ച സ്ഥലം പ്രതികള്‍ പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. കയ്യിലൊതുങ്ങുന്ന ചെറിയ കത്തിയാണ് അഖിലിനെ കുത്താന്‍ ഉപയോഗിച്ചതെന്നാണ് വിവരം.

ചെമ്പിലോട് കോൺഗ്രസ് ഓഫീസുകൾക്കുനേരെ അക്രമം

ചെമ്പിലോട് പഞ്ചായത്തിലെ മുതുകുറ്റി, തലവിൽ എന്നിവിടങ്ങളിലെ കോൺഗ്രസ് ഓഫീസുകൾക്കുനേരെ ആക്രമം. തലവിലെ കോൺഗ്രസ് ഭവൻറെയും മുതുകുറ്റി രാജിവ്ജി മന്ദിരത്തിന്റെയും ജനൽ ഗ്ളാസുകൾ എറിഞ്ഞുതകർത്തു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. കെട്ടിടങ്ങളുടെ മുൻഭാഗത്തെ ജനൽച്ചില്ലുകളാണ് തകർന്നത്.ചക്കരക്കല്ല് പോലീസിൽ പരാതി നൽകി. കോൺഗ്രസ് ഓഫീസുകൾക്കുനേരെ നടന്ന അക്രമത്തിൽ എം.കെ.മോഹനൻ, കെ.കെ.ജയരാജൻ, കെ.സി.മുഹമ്മദ് ഫൈസൽ തുടങ്ങിയവർ പ്രതിഷേധിച്ചു.പൊതുവെ പ്രദേശത്ത് നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരേ കർശനനടപടി വേണമെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി എം.കെ.മോഹനൻ പറഞ്ഞു.

തലശ്ശേരിയിൽ റോഡ് കൈയടക്കി കന്നുകാലികൾ

റോഡിൽ പാർക്കുചെയ്യുന്ന വാഹനങ്ങൾ സ്ഥിരം കാഴ്ച. അതിനൊപ്പം കന്നുകാലിശല്യംകൂടിയായാലോ. പഴയ ബസ്‌സ്റ്റാൻഡ് ആസ്പത്രിറോഡിലാണ് വാഹനയാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കി കന്നുകാലികൾ അലഞ്ഞുനടക്കുന്നത്. ജൂബിലി വ്യാപാര സമുച്ചയത്തോട് ചേർന്ന റോഡിലടക്കം ചെറുതും വലുതുമായ വാഹനങ്ങൾ പാർക്കുചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്.ചില വൈകുന്നേരങ്ങളിൽ പാർക്കുചെയ്യുന്ന വാഹനങ്ങൾ റോഡിന്റെ പകുതിയും കൈയടക്കും. ജില്ലയിലെ മറ്റുപട്ടണങ്ങളിൽ കാണാറുള്ളതുപോലെ കന്നുകാലിശല്യം കുറച്ചുകാലമായി നഗരത്തിൽ കുറവായിരുന്നു. എന്നാൽ, ഈയിടെയായി കന്നുകാലികളെ അലഞ്ഞുതിരിയാൻ വിട്ടിരിക്കുന്ന കാഴ്ചയാണ്. വീതികുറഞ്ഞ റോഡുകൾകാരണം ഗതാഗതം വീർപ്പുമുട്ടുന്നതിനിടയിലാലാണ് കന്നുകാലികളുടെ ‘വഴിതടയൽ’. നടപടിയെടുത്തില്ലെങ്കിൽ റോഡുകളിൽ അലയുന്ന കന്നുകാലികളെക്കൊണ്ട് യാത്രക്കാർ വലയും. കന്നുകാലികളുടെ ഉടമകളെ കണ്ടെത്തി കനത്ത പിപിഴ ചുമത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

മൂവാറ്റുപുഴയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസ് ആക്രമിച്ചു ; മൂന്നുപേര്‍ കസ്റ്റഡിയില്‍

മൂവാറ്റുപുഴയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസ് ആക്രമിച്ചു. ഓഫീസ് ഉപരോധിക്കുകയാണെന്ന് അറിയിച്ച്‌ രാവിലെ 15ഓളം പ്രവര്‍ത്തകര്‍ ഡി.ഇ.ഒ ഓഫീസിന്റെ മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. ഇതിനിടയില്‍ ഡി.ഇ.ഒ പത്മകുമാരിയുടെ ക്യാബിനുള്ളില്‍ ഏതാനും പ്രവര്‍ത്തകര്‍ കയറിയിരുന്നു. ഇവര്‍ ഡി.ഇ.ഒ ഓഫീസിന്റെ ക്യാബിന്റെ ഗ്ലാസ് ഇടിച്ചു തകര്‍ത്തു.വിവരം അറിഞ്ഞ് എസ്.ഐ ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. അക്രമം നടത്തിയ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെ.എസ്.യു ജില്ലാ സെക്രട്ടറി റംഷാദ് റഫീക്ക്, ആല്‍ബിന്‍ രാജു, ഹാഷിം എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.അടുത്തിടെ നവീകരിച്ച റൂമാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ തകര്‍ത്തത്.

ബ്രണ്ണന്‍ കോളജില്‍ എബിവിപി വീണ്ടും കൊടിമരം സ്ഥാപിച്ചു പ്രിൻസിപ്പലിന് ഭീഷണി

തലശേരി ഗവ ബ്രണ്ണന്‍ കോളജില്‍ പ്രിന്‍സിപ്പല്‍ എബിവിപിയുടെ കൊടിമരം നീക്കം ചെയ്തതിനെതിരെ പ്രതിഷേധം തുടരുന്നു. ക്യാംപസില്‍ എബിവിപി പ്രവര്‍ത്തകര്‍ വീണ്ടും കൊടിമരം സ്ഥാപിച്ചു. സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ.കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് എബിവിപി പ്രവര്‍ത്തകര്‍ കൊടിമരം സ്ഥാപിച്ചതെന്ന് പ്രിൻസിപ്പൽ പ്രഫ. കെ.ഫല്‍ഗുനൻ പൊലീസിനോടു പറഞ്ഞു. ഇത് മരണമൊഴിയായി രേഖപ്പെടുത്തണമെന്നും പൊലീസിനോട് പ്രിൻസിപ്പൽ പറഞ്ഞു.പ്രിന്‍സിപ്പലിന്റെ വീടിന് പൊലീസ് കാവല്‍ ഏർപ്പെടുത്തി.