പയ്യന്നൂരിൽ ചരിത്രം തിരുത്തി വി. കുഞ്ഞികൃഷ്ണൻ; സിപിഎം കോട്ടയിൽ പടുകൂറ്റൻ അട്ടിമറി, ടി.ഐ. മധുസൂദനൻ വീണു

Screenshot
കണ്ണൂർ: സിപിഎമ്മിന്റെ കുത്തക മണ്ഡലമായ പയ്യന്നൂരിൽ വിപ്ലവകരമായ അട്ടിമറി വിജയം നേടി വി. കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ചോദ്യം ചെയ്തതിന് പാർട്ടി പുറത്താക്കിയ മുൻ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ, സിറ്റിങ് എംഎൽഎ ടി.ഐ. മധുസൂദനനെ 7487 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. യുഡിഎഫ് പിന്തുണയോടെ ജനകീയ സ്ഥാനാർത്ഥിയായി മത്സരിച്ച കുഞ്ഞികൃഷ്ണന് ലഭിച്ച ഈ വിജയം സിപിഎമ്മിനേറ്റ കനത്ത പ്രഹരമാണ്.
2021-ൽ 49,780 വോട്ടിന്റെ പടുകൂറ്റൻ ഭൂരിപക്ഷത്തിന് വിജയിച്ച മധുസൂദനനെയാണ് ഇത്തവണ കുഞ്ഞികൃഷ്ണൻ അട്ടിമറിച്ചത്. ഇത്തവണ 76,640 വോട്ടുകൾ നേടിയാണ് കുഞ്ഞികൃഷ്ണൻ തന്റെ മധുര പ്രതികാരം പൂർത്തിയാക്കിയത്. ധനരാജ് ഫണ്ട് തിരിമറി, പാർട്ടി ഓഫീസ് നിർമ്മാണത്തിലെ അഴിമതി എന്നിവ തുറന്നുപറഞ്ഞതിന് തന്നെ പുറത്താക്കിയ പാർട്ടിയെ ജനകീയ വിധിയിലൂടെ തിരുത്തുക എന്ന പ്രഖ്യാപനമാണ് ഇതോടെ യാഥാർത്ഥ്യമായത്. 1965-ൽ മണ്ഡലം രൂപീകൃതമായത് മുതൽ സിപിഎം മാത്രം വിജയിച്ചു പോന്ന ചരിത്രമാണ് ഇതോടെ വഴിമാറിയത്.







