മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് നിർമ്മാണം – 500 ൽ പരം കുടുംബം യാത്രാദുരിതത്തിൽ

ബൈക്ക് യാത്രയും
കാൽനട പോലും ദുരിത പൂർണ്ണം

മുഴപ്പിലങ്ങാട്: കണ്ണൂർ – തലശ്ശേരി ദേശീയ പാതയിൽ മുഴപ്പിലങ്ങാട് ടോൾ ബൂത്തിന് തൊട്ടു ചേർന്ന് ആരംഭിച്ച മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് നിർമ്മാണ പ്രവർത്തനം പുരോഗമിക്കെ ബൈപ്പാസ’ കടന്നു പോകുന്ന റോഡിന് ഇരു വശവും താമസിക്കുന്ന 500 ൽ പരം കുടുംബങ്ങൾ കാൽനട പോലും നിഷേധിക്കപ്പെട്ട് യാത്രാദുരിതം അനുഭവിക്കുകയാണ്. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ എട്ട്, ഒൻപത്, വാർഡ് വഴി കടന്നു പോകുന്ന ബൈപ്പാസ് അഞ്ചരക്കണ്ടിപ്പുഴയുടെ അതിർത്തി വരെ റോഡിന് ഇരുവശത്തും താമസിക്കുന്ന കുടുംബമാണ് മഴ തുടങ്ങിയതോടെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാലായത്. ഈ പ്രദേശത്ത് മുല്ലപ്രം ജി.എൽ പി സ്കൂളും ,മുല്ലപ്രം മദ്രസ്സയും, മുല്ലപ്രം ജുമാഅത്ത് പള്ളിയും പ്രവൃത്തിക്കുന്നു, സ്കൂൾ തുറന്നതിൽ പിന്നെ കുട്ടികളെ സ്കൂളിലെത്തിക്കുക എന്നത് വളരെ ദയനീയമാണെന്ന് പാതയോരത്ത് താമസിക്കുന്ന വീട്ടമ്മമാർ പറയുന്നു.

സ്കൂൾ വാനുകളോ ,ഓട്ടോറിക്ഷകളോ ചെളി നിറഞ്ഞത് കാരണം വരുന്നത് പോലുമില്ല, ബൈക്ക് പോലും ഓടിച്ച് പോകാൻ പറ്റാത്ത രൂപത്തിൽ വഴിയോരം ചെളി നിറഞ്ഞ് ദുസ്സഹമായിരിക്കുകയാണ്. രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വാഹനം പോലും കിട്ടാത്ത അവസ്ഥയിലാണ് മേഖലയിലെ കുടുംബം, കഴിഞ്ഞ മുപ്പത് വർഷങ്ങൾക്ക് മുമ്പ് ബൈപ്പാസിന് വേണ്ടി വീടും സ്ഥലവും ഒഴിഞ്ഞ് കൊടുത്തവരും അവശേഷിക്കുന്നവരുമാണ് ഇവിടെ ദുരിതമനുഭവിക്കുന്നത്. റോഡ് നിർമ്മാണം തുടങ്ങുന്നതിന് മുമ്പേ ശരിയായ വഴിയോ റോഡോ ഇല്ലാത്ത അവസ്ഥയിൽ നാട്ടുകാർ പ്രയത്നിച്ച് ഒരോ ഭാഗത്തേക്കും യാത്ര ചെയ്യുവാൻ ചെറു റോഡുകൾ വെട്ടിയുണ്ടാക്കുകയായിരുന്നു,എന്നാൽ ബൈപ്പാസ് നിർമ്മാണം തുടങ്ങിയതിൽ പിന്നെ നിർമ്മാണക്കമ്പനികൾ ബൈപ്പാസിന്റെ ഇരു വശവും മെറ്റൽ ചെയ്യാത്ത താൽക്കാലിക റോഡ് നിർമിക്കുകയായിരുന്നു, ഈ റോഡാണ് പിന്നീട് പ്രദേശത്ത് കാർ യാത്രയ്ക്ക് വേണ്ടി ഉപയോഗിച്ചു വരുന്നത് ,.ഇതാണ് ആദ്യമെത്തിയ കാലവർഷം വന്നതോടെ ദുരിതം ദുരന്തപൂർണമായതെന്ന് നാട്ടുകാർ പറയുന്നു.

ബൈപ്പാസിന്റെ നിർമാണ പ്രവർത്തനത്തിന് മേഖലയിൽ നാൽപത്തി അഞ്ച് മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുത്തത് എന്നാൽ റോഡ് നിർമ്മാണം നടക്കുന്നത് 45 മീറ്റർ സ്ഥലത്തെ ഇരു സൈഡുകളിലും ക്രമാനുപാതം നിശ്ചിത സ്ഥലം ഒഴിച്ചു നിർത്തി റോഡിന് ഇരുവശവും കോൺക്രീറ്റ് ബിത്തികൾ മൂന്നു മീറ്ററോളം ഉയർത്തി മദ്ധ്യഭാഗങ്ങളിൽ ചുവന്ന മണ്ണ് നിറച്ച് 28 മീറ്റർ വീതിയിലാണ് നിർമ്മാണം പുരോഗമിക്കുന്നത് ,ഇവിടെ ഇരുവശമായി ഒഴിച്ചിട്ട സ്ഥലത്ത് വെള്ളം ഒഴുകിപ്പോകുവാനുള്ള ഓവ് നിർമ്മാണവും ബാക്കി വരുന്ന സ്ഥലം സർവ്വീസ് റോഡിനും വേണ്ടിയുള്ളതാണ് ,മഴ തുടങ്ങിയ ഉടനെ ഇങ്ങിനെയെങ്കിൽ മഴ ശക്തമാകുന്നതോടെ യാത്രാദുരിതം കടുത്തതാകുമെന്നാണ് നാട്ടുകാർ പറയുന്നത് ,
എത്രയും പെട്ടെന്ന് ,അധികൃതർ ഇടപെട്ട് നിലവിൽ യാത്ര ചെയ്തു കൊണ്ടിരിക്കുന്ന താൽകാലിക റോഡ് മെറ്റലിട്ട് യാത്രാ സൗകര്യം ഉണ്ടാക്കിത്തരണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Advertisements

ഡിവൈഡറിൽതട്ടി മറിഞ്ഞ വാനിൽ കെ.എസ്.ആർ.ടി.സി. ബസ്സിടിച്ചു

താഴെ ചൊവ്വ-നടാൽ ബൈപ്പാസിൽ ചാല അമ്പലം സ്റ്റോപ്പിൽ ഡിവൈഡറിലിടിച്ച് പിക്കപ്പ് വാൻ മറിഞ്ഞ വാനിൽ കെ.എസ്.ആർ.ടി.സി.ബസ്സിടിച്ചു. ബുധനാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം.കണ്ണൂരിൽ നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് പോയ പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്.വെളിച്ചം കുറഞ്ഞ റോഡിലെ പൊട്ടിപ്പൊളിഞ്ഞ ഡിവൈഡർ ഡ്രൈവർക്ക് തിരിച്ചറിയാൻ കഴിയാത്തതാണ് അപകടത്തിനു കാരണമെന്ന് സംശയിക്കുന്നു. ഡിവൈഡറിൽ കയറി വാൻ മറിഞ്ഞയുടനെയാണ് തലശ്ശേരി ഭാഗത്തുനിന്ന് വന്ന കെ.എസ്.ആർ.ടി.സി.യുടെ ഗരുഢ മഹാരാജ് ബസ്‌ വന്നിടിച്ചത്.കഴിഞ്ഞയാഴ്ചയാണ് താഴെചൊവ്വ മുതൽ ചാല വരെയുള്ള റോഡ് മെക്കാഡം ടാർ ചെയ്തത്.ഇതോടൊപ്പം ചാലയിലെ ഡിവൈഡർ നവീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. കോൺക്രീറ്റ് കട്ടകൾ പെറുക്കി കൂട്ടിയ നിലയിലുള്ള ഡിവൈഡർ നിരന്തരം അപകടമുണ്ടാക്കുന്നു.ആറുവർഷം മുമ്പ് ടാങ്കർലോറി ഡി വൈഡറിലിടിച്ച് മറിഞ്ഞ് 20 പേർ മരിച്ച അപകടം നടന്നതും ഇവിടെയാണ്.തകർന്ന ഡിവൈഡർ കാരണം ഇവിടെ സ്ഥിരം അപകടമാണ്.ഡിവൈഡർ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ബൈപ്പാസ് ഉപരോധിച്ചു.

മിർ മുഹമ്മദ് അലി പടിയിറങ്ങുന്നു…

ഇംഗ്ലിഷിലും മലയാളത്തിലും തമിഴിലും മനോഹരമായി സംസാരിക്കുമെങ്കിലും പ്രസംഗത്തിലൂടെയല്ല, പ്രവൃത്തികളിലൂടെയാണു കലക്ടർ മിർ മുഹമ്മദ് അലി കണ്ണൂരുകാരുടെ മനസ്സിൽ ‍ഇടംപിടിച്ചത്.ഭരണമികവിനു സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ മിടുക്കിനൊപ്പം കൈത്തറി ഷർട്ടും സൈക്കിൾ യാത്രയും തുണിസഞ്ചി വിപ്ലവവുമെല്ലാം കണ്ണൂരിലുണ്ടാക്കിയ ചലനം ചില്ലറയല്ല.ആറളത്തെ കോളനിയിലും വിമാനത്താവളത്തിലും കോളജ് ക്യാംപസുകളിലും പരമ്പരാഗത മേഖലകളിലുമെല്ലാം കൈയ്യൊപ്പിട്ടാണ് കലക്ടർ കണ്ണൂരിനോടു യാത്ര പറയുന്നത്.ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിലാണു ബിരുദം എന്നതിനാൽ മൊബൈൽ ഫോണിലൂടെ ഭരണരംഗത്തു വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാൻ മിർ മുഹമ്മദ് അലി ശ്രമിച്ചു. ജില്ലയിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളെയും അക്ഷയ സെന്ററുകളെയും വിരൽത്തുമ്പിലെത്തിച്ച വീ ആർ കണ്ണൂർ മൊബൈൽ ആപ്പ്,ഇവയുടെയെല്ലാം സ്ഥാനങ്ങൾ ഗൂഗിൾ മാപ്പിൽ അടയാളപ്പെടുത്തി മാപ്പ് മൈ കണ്ണൂർ, മൊബൈലും ആധാറും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിക്കുന്ന ട്രൈ ഡി, വ്യാജ വാർത്തകൾക്കെതിരെ നടത്തിയ സത്യമേവ ജയതേ പദ്ധതി, അഴിമതി അലർട്ട്, ഇ ഫയലിങ്, പരമ്പരാഗത ഉൽപ്പന്നങ്ങളെ ഓൺലൈൻ വിപണിയിലെത്തിച്ച പദ്ധതി തുടങ്ങി ഒട്ടേറെ പുതുമകൾ അദ്ദേഹം കണ്ണൂരിനു സമ്മാനിച്ചു.ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ ജനപ്രിയമാക്കുന്നതിലും വലിയ പങ്കുവഹിച്ചു. കണ്ണൂരിന്റെ സൗന്ദര്യം ലോകത്തോടു വിളിച്ചുപറയാൻ കലക്ടർ തന്നെ രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വചിത്രം അടുത്ത ദിവസം പുറത്തിറങ്ങും.

സംസ്ഥാനത്ത് മഴ കനക്കുന്നു; മലപ്പുറത്ത് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്നലെ മുതല്‍ മഴ നിര്‍ത്താതെ പെയ്യുകയാണ്. മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അതേസമയം മലപ്പുറത്ത് കനത്ത മഴയെത്തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതി നേരിടുന്നതിനായി 22.5 കോടി രൂപ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. മഴ കനക്കുന്നതോടെ ശക്തമായ മുന്‍കരുതല്‍ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇന്നലെ രാത്രിയിലടക്കം ശക്തമായ കാറ്റും മഴയുമാണ് ഉണ്ടായിരുന്നത്. വിവധയിടങ്ങളില്‍ കടല്‍ക്ഷോഭവും രൂക്ഷമാണ്. ഇന്നലെ മാത്രം നിരവധി വീടുകളാണ് ശക്തമായ കാറ്റിലും കടല്‍ക്ഷോഭത്തിലും തകര്‍ന്നത്.

പുതിയ ജില്ലാ പൊലീസ് മേധാവിക്ക് ഗംഭീര സ്വീകരണം

പുതിയ ജില്ലാ പൊലീസ് മേധാവിയായി മുൻ മലപ്പുറം എസ്പി പ്രതീഷ് കുമാർ ചുമതലയേറ്റു.ഇന്നലെ രാത്രി പത്തോടെ ജില്ലാ പൊലീസ് ആസ്ഥാനത്തെത്തിയ പ്രതീഷ്കുമാറിനു സ്ഥാനമൊഴിയുന്ന കണ്ണൂർ എസ്പി ജി. ശിവവിക്രം ചുമതല കൈമാറി.സൗമ്യമെങ്കിലും കർക്കശം; ജില്ലയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ വിവാദങ്ങൾക്കു കളം നൽകാതെ രണ്ടര വർവർഷം പൂർത്തിയാക്കി സ്ഥാനമൊഴിയുന്ന ശിവവിക്രമിനെ അങ്ങനെ വിശേഷിപ്പിക്കാം. ശുഹൈബ് വധക്കേസ് അടക്കം കോളിളക്കമുണ്ടാക്കിയ രാഷ്ട്രീയ കൊലപാതകങ്ങൾ, ലോക്സഭാ തിരഞ്ഞെടുപ്പ് തുടങ്ങി സംഘർഷ സാധ്യതയുള്ളിടത്തെല്ലാം കൃത്യമായ മുന്നൊരുക്കത്തോടെ ക്രമസമാധാനം നിലനിർത്തി ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സേന.മുൻ എസ്പി മനോജ് എബ്രഹാം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം കണ്ണൂരിൽ നിന്ന പൊലീസ് മേധാവിയാണു ശിവവിക്രം. കോയത്തൂർ തിരുപ്പൂർ സ്വദേശിയായ ശിവവിക്രം ഇനി പാലക്കാട് ജില്ലാ പൊലീസ് മേധാവിയാകും.നക്സൽ വിരുദ്ധ സേനയുടെ പ്രത്യേക പരിശീലനം നേടിയാണു 2011 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ പ്രതീഷ് കുമാർ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേൽക്കുന്നത്. മലപ്പുറം തിരൂരിൽ എഎസ്പിയായാണ് ആദ്യ നിയമനം. പാലക്കാടും മലപ്പുറത്തും ജില്ലാ പൊലീസ് മേധാവിയായി. ഉത്തർപ്രദേശ് സ്വദേശിയാണ്.

സ്വകാര്യ ബസ്സിൽ കൺസഷൻ ചോദിച്ചു ; വിദ്യാർത്ഥിനിയെ മഴയത്ത് ഇറക്കി വിട്ട് ജീവനക്കാർ

കണ്‍സഷന്‍ ചോദിച്ചതിന് പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെ സ്വകാര്യബസ് ജീവനക്കാര്‍ ബസില്‍ നിന്നും പെരുമഴയത്ത് ഇറക്കി വിട്ടതായി പരാതി. വെഞ്ഞാറമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയോടാണ് ബസ് ജീവനക്കാരുടെ ക്രൂരത. ആറ്റിങ്ങലില്‍ കായിക പരിശീലനം നടത്തുന്ന വിദ്യാര്‍ത്ഥിനി തിങ്കളാഴ്ച ഉച്ചയോടെയാണ് വെഞ്ഞാറമൂട് നിന്ന് സ്വകാര്യബസില്‍ കയറിയത്.ആറ്റിങ്ങലിലേക്ക് ബസ് കയറിയ കുട്ടിയോട് ബസ് ജീവനക്കാര്‍ ഐഡി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടു. പുതിയതായി അഡ്മിഷന്‍ എടുത്തതിനാല്‍ ഐഡി ഇല്ലെന്ന് കുട്ടി പറയുകയും, എന്നാല്‍ കാര്‍ഡില്ലാതെ കണ്‍സഷന്‍ അനുവദിക്കില്ലെന്ന് ജീവനക്കാര്‍ അറിയിക്കുകയുമായിരുന്നു. തന്‍റെ പക്കല്‍ മൂന്ന് രൂപയേ ഉള്ളൂവെന്ന് കുട്ടി ജീവനക്കാരോട് പറഞ്ഞെങ്കിലും കണ്‍സഷന്‍ തരാനാകില്ലെന്ന് പറഞ്ഞ് കുട്ടിയുടെ കയ്യിലുള്ള മൂന്ന് രൂപയും വാങ്ങി ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥിനിയെ മഴയത്ത് ഇറക്കിവിടുകയായിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി.കോരിച്ചൊരിയുന്ന മഴയത്ത് പെണ്‍കുട്ടി റോഡില്‍ നിന്ന് കരയുന്നത് കണ്ട് നാട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് ബസ് ജീവനക്കാരുടെ ക്രൂരത വെളിവായത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ മാതാവ് സ്ഥലത്തെത്തി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ആറ്റിങ്ങല്‍ പോലീസ് പറഞ്ഞു.

വനിതാ സംഗമവും LED ബൾബ് നിർമ്മാണ പരിശീലനവും നടന്നു

ഊർജ്ജ സംരക്ഷണം ഭാവിയിലേക്കുള്ള കരുതി വയ്ക്കൽ കൂടിയായി കണ്ടു കൊണ്ട് ഗ്രന്ഥാലയം പ്രദേശത്തെ ഫിലമെന്റ് രഹിത ഗ്രാമമായി പ്രഖ്യാപിക്കുക Continue reading

കോയമ്പത്തൂരിൽ നിന്ന് കാണാതായി

കോയമ്പത്തൂരിൽ വെച്ച് കാറും ട്രക്കും തമ്മിലുണ്ടായ അപകടത്തിൽ ഭാര്യ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മാനസികമായി സമനില തെറ്റിയ വിനയരാജ്, ജൂണ്‍ 7ന് വൈകീട്ട് 5മണിയ്ക്ക് കോയമ്പത്തൂരിലെ കോവൈ പുത്തൂരിലെ വീട്‌ വിട്ട് ഇറങ്ങിപ്പോയി. കോയമ്പത്തൂര്‍ പോലീസ് CCTV ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പാലക്കാട് ഭാഗത്തേക്ക് പോയതായിട്ടാണ് കണ്ടത്. പെരിങ്ങാടിയിലെ പരേതനായ മായക്കാവില്‍ മാധവന്‍ നായരുടെ മകനാണ്. കാവി മുണ്ടും ടീ ഷര്‍ട്ടുമാണ് വേഷം. ഫോണും കാശും ഒന്നും കൈയ്യില്‍ ഇല്ല. കണ്ടു കിട്ടുന്നവര്‍ താഴെ കൊടുത്ത മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടണം.

9745030118, 9446167939

ഇനി ആകാശത്ത് വ്യാഴവും കാണാം

രാത്രി മഴയില്ലാതെ ആകാശം കിട്ടിയാല്‍ ജൂണ്‍ മാസം ഒന്ന് കണ്ണോടിച്ചോളൂ, സൗരയൂഥത്തിലെ ഏറ്റവും വലിപ്പമുള്ള ഗ്രഹമായ വ്യാഴം (Jupiter) കാണാം. വല്ലാതെ തിളങ്ങുന്നതും എന്നാല്‍ നക്ഷത്രങ്ങളെപ്പോലെ കണ്ണുചിമ്മാത്തതുമായ ഒരു വസ്‍തു കണ്ണില്‍പ്പെട്ടാല്‍ ഉറപ്പിച്ചോളൂ, അത് വ്യാഴമാണ്. വാതകങ്ങള്‍ നിറഞ്ഞ ഭീമാകാരനായ വ്യാഴത്തെ ഈ മാസം മുഴുവന്‍ നമ്മുടെ ആകാശത്ത് കാണാം. പ്രത്യേകിച്ച് വാനനിരീക്ഷണ ഉപകരണങ്ങള്‍ ഒന്നുമില്ലാതെ തന്നെ വ്യാഴത്തെ കാണാം. ബൈനോക്കുലര്‍ ഉപയോഗിച്ചാല്‍ കാഴ്‍ച്ച അല്‍പ്പംകൂടി ഭംഗിയാകും. ശക്തിയേറിയ ബൈനോക്കുലര്‍ പരീക്ഷിച്ചാല്‍ ഒരുപക്ഷേ, വ്യാഴത്തിന്‍റെ വലിപ്പമുള്ള നാല് ഉപഗ്രഹങ്ങളെ കാണാം. ചിലപ്പോള്‍ ഗ്രഹത്തെച്ചുറ്റുന്ന വളയങ്ങളും ദൃശ്യമാകും. വ്യാഴം മാത്രമല്ല, ശനിയും ഈ മാസം നമ്മുടെ ആകാശത്ത് എളുപ്പം കാണാവുന്ന വലിപ്പത്തില്‍ ഉണ്ടാകും. ജൂണ്‍ 14, 19 തീയതികളിലാണ് ഗ്രഹങ്ങളെ നിരീക്ഷിക്കാന്‍ ഏറ്റവും എളുപ്പം. തെക്ക് ചക്രവാളത്തിലേക്കാണ് കണ്ണോടിക്കേണ്ടത്, കണ്ണുചിമ്മാതെ നിങ്ങളെ നോക്കി ഗ്രഹങ്ങളുണ്ടാകും

ഇനി ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 13 രൂപ

കുടിവെള്ളം അവശ്യവസ്തുവായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കുപ്പിവെള്ള കമ്ബനികളുടെ കൊള്ള തടയാനാണ് നടപടി. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 13 രൂപയായിരിക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്ന കമ്ബനികള്‍ക്ക് കടിഞ്ഞാണിടുന്നതാണ് സര്‍ക്കാര്‍ നടപടി.കുപ്പിവെള്ളത്തിന്റെ വിലകുറയ്ക്കണമെന്ന് നേരത്തേ കുടിവെള്ള കമ്ബനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ചില കമ്ബനികള്‍ ഇതിന് തയാറായെങ്കിലും വന്‍കിട കമ്ബനികള്‍ സര്‍ക്കാരിന്റെ ആവശ്യം തള്ളി. കുടിവെള്ള വില്പനക്കാരും എതിര്‍പ്പ് അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. സിവില്‍ സപ്ലൈസ് വകുപ്പിന്റെ വില്പനശാലകളില്‍ കുപ്പിവെള്ളം 11 രൂപയ്ക്കാണ് വില്‍ക്കുന്നത്. റേഷന്‍ കടകളിലൂടെയും ഈ വിലയ്ക്ക് കുപ്പിവെള്ളം കിട്ടും, അവശ്യ വസ്തുവാകുന്നതോടെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്കു മാത്രമേ വെള്ളം വില്‍ക്കാനാകൂ. ലംഘിക്കുന്നവര്‍ക്കെതിരേ നിയമനടപടിയുണ്ടാകും