ഇനി ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 13 രൂപ

കുടിവെള്ളം അവശ്യവസ്തുവായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കുപ്പിവെള്ള കമ്ബനികളുടെ കൊള്ള തടയാനാണ് നടപടി. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 13 രൂപയായിരിക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്ന കമ്ബനികള്‍ക്ക് കടിഞ്ഞാണിടുന്നതാണ് സര്‍ക്കാര്‍ നടപടി.കുപ്പിവെള്ളത്തിന്റെ വിലകുറയ്ക്കണമെന്ന് നേരത്തേ കുടിവെള്ള കമ്ബനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ചില കമ്ബനികള്‍ ഇതിന് തയാറായെങ്കിലും വന്‍കിട കമ്ബനികള്‍ സര്‍ക്കാരിന്റെ ആവശ്യം തള്ളി. കുടിവെള്ള വില്പനക്കാരും എതിര്‍പ്പ് അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. സിവില്‍ സപ്ലൈസ് വകുപ്പിന്റെ വില്പനശാലകളില്‍ കുപ്പിവെള്ളം 11 രൂപയ്ക്കാണ് വില്‍ക്കുന്നത്. റേഷന്‍ കടകളിലൂടെയും ഈ വിലയ്ക്ക് കുപ്പിവെള്ളം കിട്ടും, അവശ്യ വസ്തുവാകുന്നതോടെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്കു മാത്രമേ വെള്ളം വില്‍ക്കാനാകൂ. ലംഘിക്കുന്നവര്‍ക്കെതിരേ നിയമനടപടിയുണ്ടാകും

Advertisements

ചൊവ്വാഴ്ച സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്

ജൂണ്‍ 18ന് സംസ്ഥാനത്ത് മോട്ടാര്‍ വാഹന പണിമുടക്ക് നടത്തുമെന്ന് മോട്ടോര്‍ വാഹന സംരക്ഷണസമിതി. ഇന്ന് തൃശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബസ്, ഓട്ടോ, ലോറി, ടാക്‌സി വാഹനങ്ങള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമിതി നേതാക്കള്‍ പറഞ്ഞു. വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

ഓട്ടോറിക്ഷ ഒഴികെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് കഴിഞ്ഞ ഒന്നുമുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ തുടക്കസമയത്തെ പരിമിതികള്‍ മൂലം വാഹനപരിശോധന നടത്തി ജിപിഎസ് ഇല്ലാത്തവര്‍ക്കെതിരെ പിഴ ഈടാക്കേണ്ടതില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചിരുന്നു. ഉപകരണങ്ങള്‍ വേണ്ടത്ര ലഭ്യമല്ലെന്ന വാഹന ഉടമകളുടെ പരാതികള്‍ കൂടി പരിഗണിച്ചായിരുന്നു തീരുമാനം

കൊടും ചൂടിലുരുകി ഉത്തരേന്ത്യ

വടക്കേന്ത്യയില്‍ കൊടും ചൂടിന് ശമനമില്ല . ഡല്‍ഹിയില്‍ വരും ദിവസങ്ങളിലും താപനില 48 ഡിഗ്രിയില്‍ അധികമായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. റെക്കോര്‍ഡ് ചൂടാണ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.ഉത്തര്‍പ്രദേശിലെ ഝാന്‍സി, രാജസ്ഥാനിലെ ചുരു, ബിക്കാനീര്‍, ഹരിയാനയിലെ ഹിസാര്‍, ബിഭാനി, പഞ്ചാബിലെ പട്യാല, മധ്യപ്രദേശിലെ ഗ്വാളിയോര്‍, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ 45 ഡിഗ്രിയായിരുന്നു താപനില. മഴയെത്താന്‍ ഇനിയും സമയമേറെ എടുക്കുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. ചരിത്രത്തില്‍ ഏറ്റവുമധികം ചൂടു രേഖപ്പെടുത്തിയ രണ്ടാമത്തെ വര്‍ഷമാണ് ഇത്. 1991ല്‍ ഉണ്ടായതിനേക്കാളും മൂന്നുമടങ്ങ് ചൂടാണ് ഉണ്ടായിരിക്കുന്നത്.കനത്ത ചൂടിനെ തുടര്‍ന്ന് ഉത്തരേന്ത്യയുടെ വിവിധയിടങ്ങളില്‍ നദികളും റിസര്‍വോയറുകളും വറ്റിവരണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലെത്തി. തിങ്കളാഴ്ചയോടെ 6,686 മെഗാ വാട്ടാണ് വൈദ്യുതി ഉപയോഗം. ഉള്‍പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. ടാങ്കുകളിലും പൈപ്പുകളിലും പോലും എത്തിക്കാന്‍ ആവശ്യമായ വെള്ളം കിട്ടാനില്ല. ഉത്തര്‍പ്രദേശില്‍ പലയിടങ്ങളിലും നദികള്‍ക്കുള്ളില്‍ കുഴികുഴിച്ച്‌ വെള്ളം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗ്രാമവാസികള്‍. എന്നാല്‍ ഇവയും വറ്റിവരണ്ടതോടെ പലയിടങ്ങളിലും കിലോമീറ്ററുകള്‍ താണ്ടിയാണ് ഒരു കുടം വെള്ളമെങ്കിലും എത്തിക്കുന്നത്. ഭൂഗര്‍ഭ ജലനിരപ്പ് 300 അടിയായതോടെ ഹാന്‍ഡ് പൈപ്പുകള്‍ പോലും ഉപയോഗിക്കാന്‍ സാധിക്കുന്നില്ല.

ഹെല്‍മെറ്റ് ഇല്ലെങ്കില്‍ പിഴ 100 രൂപ; മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 1000 രൂപ

ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിശദവിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേയ്ക്കായി കേരളാ പോലീസ് പ്രസിദ്ധീകരിച്ചു. വാഹനപരിശോധനസമയത്ത് കൈവശം ഉണ്ടായിരിക്കേണ്ട രേഖകള്‍, അവ ഇല്ലെങ്കില്‍ ഈടാക്കാവുന്ന പിഴ, ശിക്ഷാ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച്‌ പൊതുവായ വിവരങ്ങളാണ് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി പ്രസിദ്ധീകരിച്ചത്.മോട്ടോര്‍വാഹന നിയമപ്രകാരം ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ രേഖകള്‍, പുകപരിശോധന സര്‍ട്ടിഫിക്കറ്റ്, നികുതി അടച്ച രസീത് എന്നിവ എല്ലാ വാഹനങ്ങളിലും സൂക്ഷിക്കേണ്ടതാണ്. ഇവയ്ക്ക് പുറമെ പൊതുഗതാഗത വാഹനങ്ങളില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് സംബന്ധിച്ച രേഖകള്‍, ട്രിപ് ഷീറ്റ് എന്നിവയും സൂക്ഷിക്കണം. സ്റ്റേജ് ക്യാരിയേജുകളില്‍ കണ്ടക്ടര്‍ ലൈസന്‍സും പരാതി പുസ്തകവും ഇവയ്ക്കൊപ്പം ഉണ്ടാകണം.

സ്കൂളിൽ പ്രവേശന ഫീസ് ; കയ്യോടെ പിടികൂട്ടി വിജിലൻസ്

പ്രവേശന സമയത്ത് കൊളളലാഭമുണ്ടാക്കുന്ന സ്‌കൂള്‍ അധികൃതരെ കയ്യോടെ പിടികൂടി വിജിലന്‍സ്. എയ്ഡഡ് സ്‌കൂളുകളിലും എജ്യുക്കേഷണല്‍ ഓഫീസുകളിലും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. പ്രവേശന സമയത്ത് സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ അനധികൃതമായി പണപ്പിരിവ് നടത്തുന്നു എന്ന പരാതി കാലങ്ങളായുള്ളതാണ്. പരാതികള്‍ വ്യപകമായപ്പോള്‍ മിന്നല്‍ പരിശോധന നടത്താന്‍ വിജിലന്‍സ് തീരുമാനിക്കുകയായിരുന്നു.45 എയ്ഡഡ് സ്‌കൂളുകളിലും 15 എജ്യുക്കേഷണല്‍ ഓഫീസുകളിലുമാണ് മിന്നല്‍ പരിശോധന നടന്നത്. പ്രവേശന സമയത്ത് രക്ഷിതാക്കളില്‍ നിന്നും അനധികൃതമായി പിടിഎ ഫണ്ട്, ബില്‍ഡിങ് ഫണ്ട് തുടങ്ങിയ പേരുകളില്‍ വന്‍ തുകകള്‍ രസീതുകള്‍ നല്‍കിയും ചിലയിടങ്ങളില്‍ നല്‍കാതെയും പിരിച്ചെടുക്കുന്നതായി വിജിലന്‍സ് കണ്ടെത്തി. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക അനധ്യാപക തസ്തികകളിലേക്കുള്ള നിയമനങ്ങളുടെ അംഗീകാരം നല്‍കുന്നതിലും വ്യാപക ക്രമക്കേടുകള്‍ നടന്നു. കൈക്കൂലിക്കും സ്വാധീനത്തിനും വഴങ്ങി മുന്‍ഗണനാ ക്രമം തെറ്റിച്ച്‌ അംഗീകാരം നല്‍കുന്നതായാണ് കണ്ടെത്തിയത്.അഴിമതി നടത്തണമെന്ന ലക്ഷ്യത്തോടെ വിരമിച്ച ഒഴിവുകള്‍ നികത്തുന്നതിന് വേണ്ട ഫയലുകള്‍ കൃത്യമായ കാരണം കൂടാതെ മാസങ്ങളോളം അനാവശ്യ കാലതാമസം വരുത്തുന്നതായും വ്യക്തമായതിനാല്‍ ഇക്കാര്യം സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് വിജിലന്‍സ് ഐജി എച്ച്‌ വെങ്കടേഷ് പറഞ്ഞു. ക്രമക്കേടുകള്‍ സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തിയതിന് ശേഷമാവും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. നിയമന അംഗീകാരത്തിന് വലിയ തുകകള്‍ സംസ്ഥാനത്തെ ജില്ലാ എജ്യുക്കേഷന്‍ ഓഫീസ് ജീവനക്കാരും ഉദ്യോഗസ്ഥരും ആവശ്യപ്പെടുന്നതായി വിജിലന്‍സിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ചെങ്കൽ ക്വാറികളിൽ മിന്നൽ പരിശോധന

പടിയൂർ പഞ്ചായത്തിലെ കല്യാട് മേഖലയിലെ ചെങ്കൽ ഖനനമേഖലയിൽ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം മിന്നൽ പരിശോധന നടത്തി. മേഖലയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറികളെപ്പറ്റി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ സബ് കളകടർ ആസിഫ് കെ. യൂസഫ് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. പടിയൂർ പഞ്ചായത്തിലെ അനധികൃത ചെങ്കൽ ക്വാറികളുടെ പ്രവർത്തനത്തെക്കുറിച്ച് പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സബ് കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയത്. മിച്ചഭൂമിയായി പതിച്ചു നൽകിയ പ്രദേശത്തു ജിയോളജി വകുപ്പിന്റെ അനുമതി ഇല്ലാതെ നടക്കുന്ന അനധികൃത ഖനനവും അധികൃതർ കണ്ടെത്തി.ക്വാറി നടത്തുന്നവരുടെ വിവരങ്ങളും ഒരാഴ്ചയ്ക്കകം ശേഖരിക്കുമെന്ന് കല്യാട് വില്ലേജ് ഓഫീസർ വി.വി. ആനന്ദൻ പറഞ്ഞു.മേഖലയിൽ നിന്ന് പത്തോളം ലോറികൾ പിടികൂടി. പിന്നീട് താക്കീതു നൽകി വിട്ടയച്ചു.പിടികൂടിയ വാഹനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാലാണ് വിട്ടയച്ചത്.ഒരാഴ്ച മുൻപ് റവന്യൂ അധികൃതർ 3 മണ്ണുമാന്തി യന്ത്രങ്ങളും 9 ലോറികളും പിടികൂടിയിരുന്നു.അനധികൃത ക്വാറികൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നെങ്കിലും വീണ്ടും ഖനനം നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ചോർന്നൊലിച്ച് പരിയാരം പോലീസ് സ്റ്റേഷൻ

കാലവർഷം കനക്കുമ്പോൾ പരിയാരം പൊലീസ് സ്റ്റേഷന് ചോർച്ചയുടെ ദുരിതകാലം.ഏഴ് പതിറ്റാണ്ട് പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പരിയാരം സ്റ്റേഷനിൽ മഴ പെയ്താൽ വെള്ളം മുറിയിലേക്കാണു വീഴുന്നത്. മഴവെള്ളത്തിൽ ഫയലുകളും മറ്റും നശിക്കാതിരിക്കാൻ പ്ലാസ്റ്റിക് പൊതിഞ്ഞുവയ്ക്കണംമുറിയിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ബക്കറ്റ് വയ്ക്കണം. 2009ൽ ടിബി ആശുപത്രിയുടെ അസൗകര്യത്താൽ വീർപ്പുമുട്ടിയ ഇടിഞ്ഞുവീഴാറായ കെട്ടിടത്തിലാണു പരിയാരം പൊലീസ് സ്റ്റേഷൻ ആരംഭിച്ചത്.10 വർഷം കഴിഞ്ഞിട്ടും പുതിയ കെട്ടിടം അധികൃതർ നിർമിച്ചില്ല. കഴിഞ്ഞവർഷം പുതിയ കെട്ടിടം നിർമിക്കാൻ സ്റ്റേഷൻ പരിസരത്ത് അരയേക്കർ സ്ഥലം അനുവദിച്ചെങ്കിലും മറ്റു നടപടികൾ അധികൃതർ സ്വീകരിച്ചില്ല.സ്റ്റേഷൻ പരിസരത്ത് കാടും പഴയ വാഹനങ്ങളും നിറഞ്ഞതിനാൽ ഇഴ ജന്തുക്കളുടെ ശല്യവും സഹിക്കണം.കഴിഞ്ഞദിവസം രാത്രി മൂർഖൻ പാമ്പ് സ്റ്റേഷനിലേക്ക് ഇഴഞ്ഞു കയറിയതു പൊലീസുകാരെ ആശങ്കയിലാക്കി.ക്വാർട്ടേഴ്സും ലോക്കപ്പ് സൗകര്യവുമില്ലാത്ത ദുരിതത്തിനു പരിഹാരം തേടുകയാണു പരിയാരം പൊലീസ് സ്റ്റേഷൻ.

കാലവർഷം ; കണ്ണൂരിലെ അപകടാവസ്ഥയിലുള്ള മരങ്ങളും പരസ്യബോർഡുകളും നീക്കണം

ശക്തമായ കാറ്റിലും മഴയിലും കടപുഴകാനോ പൊട്ടിവീഴാനോ സാധ്യതയുള്ള പൊതു-സ്വകാര്യ സ്ഥലങ്ങളിലെ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റുകയും ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍ തുടങ്ങിയവ നീക്കുകയും ചെയ്യാന്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ ഭൂമിയിലെ അപകടാവസ്ഥയിലായ മരങ്ങളും മറ്റും കണ്ടെത്തി നീക്കം ചെയ്യേണ്ടത് ബന്ധപ്പെട്ട വകുപ്പുകളുടെ ചുമതലയാണ്. സ്വകാര്യ ഭൂമിയിലുള്ള മരങ്ങളും മറ്റും ഭൂമിയുടെ ഉടമയാണ് മുറിച്ചു മാറ്റേണ്ടത്. അല്ലാത്ത പക്ഷം ഇതുമൂലമുണ്ടാവുന്ന അപകടത്തിന് അവര്‍ ഉത്തരവാദികളാവുമെന്നും നഷ്ടപരിഹാരം നല്‍കാന്‍ ഉള്‍പ്പെടെ അവര്‍ക്ക് ബാധ്യതയുണ്ടായിരിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഇത്തരം മരങ്ങള്‍ മുറിച്ചുമാറ്റുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്.മരങ്ങളും മരച്ചില്ലകളും അപകടകരമാണോ എന്ന് തദ്ദേശ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍, വനം റേഞ്ച് ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന പ്രാദേശിക സമിതികളാണ് തീരുമാനിക്കുക. ഇവരുടെ ശുപാര്‍ശ പ്രകാരം അടിയന്തരമായി നീക്കേണ്ട മരങ്ങളും മറ്റും മുറിച്ചുമാറ്റാന്‍ ജില്ലാ കലക്ടറാണ് അനുമതി നല്‍കുക. അടിയന്തരമല്ലാത്ത സാഹചര്യങ്ങളില്‍ വനംവകുപ്പിന്റെ കീഴിലുള്ള പ്രാദേശിക ട്രീ കമ്മിറ്റിയുടെ അനുമതിയോടെ മാത്രമേ മരം മുറിക്കാന്‍ പാടുള്ളൂ.

കണ്ണൂര്‍ കോണ്‍ഗ്രസിലെ ന്യൂനപക്ഷ മുഖമാകുമോ സിഒടി നസീര്‍ ?

തലശ്ശേരിയില്‍ ആക്രമണത്തിന് വിധേയനായ സിഒടി നസീറിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ കണ്ണൂര്‍ ഡിസിസി ശ്രമം ആരംഭിച്ചു. എ പി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ പശ്ചാത്തലത്തില്‍, നസീറിനെ കോണ്‍ഗ്രസിലെത്തിച്ച്‌ ജില്ലയിലെ ന്യൂനപക്ഷ മുഖമായി അവതരിപ്പിക്കാനാണ് കണ്ണൂര്‍ ഡിസിസി ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി നസീറിനെതിരായ ആക്രമണം മുഖ്യപ്രചാരണ വിഷയമാക്കി കണ്ണൂര്‍ ഡിസിസി പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ്.നസീറിനെതിരായ ആക്രമണത്തില്‍ എ എന്‍ ഷംസീറിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ധര്‍ണ്ണ നടത്തും. വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട നസീറിന് രാഷ്ട്രീയ അഭയം ആവശ്യമാണ്. പ്രതിഷേധ പരിപാടികളോടെ നസീറിനെ കോണ്‍ഗ്രസ് ക്യാംപിലേക്ക് അടുപ്പിക്കാനാകുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.അതേസമയം കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ച്‌ സിഒടി നസീര്‍ ഇതുവരെ മനസ്സ് തുറന്നിട്ടില്ല. അതുകൊണ്ടുതന്നെ ഔദ്യോഗികമായി ആശയവിനിമയം നടന്നിട്ടില്ല. എന്നാല്‍ നസീറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. നസീറിനെപ്പോലൊരാള്‍ കോണ്‍ഗ്രസിലെത്തുന്നത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്നാണ് പാച്ചേനി പറഞ്ഞത്.

വിവാഹമോചനത്തിനു ശേഷം ഓൺലൈൻ ഭിക്ഷാടനം ; സമ്പാദിച്ചത് ലക്ഷങ്ങൾ ; ഒടുവിൽ യുവതിക്ക് എട്ടിന്‍റെ പണി

തട്ടിപ്പിന്‍റെ സൈബര്‍ സാധ്യതകളിലൂടെ യുവതി 17 ദിവസം കൊണ്ടു നേടിയത് 34,77,600 രൂപ. അറബ് വംശജനായ ഭര്‍ത്താവിനൊപ്പം ദുബായിലെത്തിയ യൂറോപ്യന്‍ യുവതിയാണ് ഓണ്‍ലൈന്‍ ഭീക്ഷാടനത്തിലൂടെ ലക്ഷങ്ങള്‍ സമ്ബാദിച്ചത്. ഫേസ്‌ബുക്കിലും, ഇന്‍സ്‌റാഗ്രാമിലും, ട്വിറ്ററിലും നിരവധി അക്കൗണ്ടുകള്‍ ഉണ്ടാക്കി ആളുകളോട് പണം ആവശ്യപ്പെടുന്നതായിരുന്നു യുവതിയുടെ രീതി. വിവാഹബന്ധം വേര്‍പെടുത്തി ജീവിക്കുന്ന യുവതി തന്റെ മുന്‍ ഭര്‍ത്താവിനൊപ്പം കഴിയുന്ന കുട്ടികളുടെ ഫോട്ടോ സഹതാപം നേടാന്‍ ഉപയോഗിച്ചതാണ് വിനയായത്.ഭര്‍ത്താവിനൊപ്പമാണ് താന്‍ ദുബായില്‍ എത്തിയതെന്നും എന്നാല്‍ തന്നെയും കുട്ടികളെയും ഉപേക്ഷിച്ച്‌ ഭര്‍ത്താവ് കടന്നു കളഞ്ഞെന്നുമാണ് യുവതി പ്രചരിപ്പിച്ചത്. സഹതാപം നേടാന്‍ കുട്ടികളുടെ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ യുവതി പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതി കുട്ടികളെ നേരത്തേ തന്നെ ഭര്‍ത്താവിന് കൈമാറിയിരുന്നു. കുട്ടികളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ കണ്ട് തിരിച്ചറിഞ്ഞ ബന്ധുക്കള്‍ യുവാവിനെ വിവരം അറിയിക്കുന്നതോടെയാണ് തട്ടിപ്പ് പുറംലോകം അറിയുന്നത്. ഇതോടെ ഭര്‍ത്താവ് തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.ഓണ്‍ലൈന്‍ യാചന ദുബായില്‍ ആറ് മാസം വരെ ഒരു ലക്ഷം ദിര്‍ഹം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇവരെ കൂടാതെ 128 പേര്‍ ഓണ്‍ലൈന്‍ ഭിക്ഷാടനം നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 85 പേര്‍ പുരുഷന്മാരും 43 പേര്‍ സ്ത്രീകളുമാണ്. ഇവരില്‍ നിന്നും 38,000 ദിര്‍ഹവും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇത് കണ്ട ഭര്‍ത്താവിന്റെ ബന്ധുക്കളാണെന്ന് ഇയാളെ വിവരം അറിയിച്ചത്.