200 വർഷങ്ങൾക്ക് ശേഷം പടിയൂർ കുയിലൂർ ക്ഷേത്രത്തിൽ ഇന്ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും

ഇരിട്ടി: പടിയൂർ കുയിലൂർ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 200 വർഷങ്ങൾക്ക് ശേഷം ശനിയാഴ്ച മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. വർഷങ്ങളായി കാടുമൂടി കിടന്ന ക്ഷേത്രം നവീകരിച്ച് പ്രതിഷ്ഠാ കർമ്മങ്ങൾ പൂർത്തിയാക്കിയാണ് ഈ അപൂർവ്വ കളിയാട്ടം നാട്ടുകാർ ഭക്തിപൂർവ്വം നടത്തുന്നത്.
വെള്ളിയാഴ്ച രാവിലെ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർകാളി എന്നീ തെയ്യങ്ങളും തുടർന്ന് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റവും നടന്നു. വൈകുന്നേരം പുലിയൂർകണ്ണൻ വെള്ളാട്ടം, തലച്ചിലാൻ തെയ്യം, മുച്ചിലോട്ട് ഭഗവതിയുടെ അന്തിത്തോറ്റം എന്നിവയും അരങ്ങേറി. കൂടാതെ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, നരമ്പിൽ ഭഗവതി, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങളുടെ തോറ്റവും കല്യാണപന്തൽ കയ്യേൽക്കൽ ചടങ്ങും വെള്ളിയാഴ്ച പൂർത്തിയായി.
ശനിയാഴ്ച പുലർച്ചെ ഗണപതി തോറ്റം, കോടിയിലത്തോറ്റം എന്നിവ നടന്നു തുടർന്ന് നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂർത്തി, പുലിയൂർ കാളി എന്നീ തെയ്യങ്ങളും ഉറഞ്ഞാടും. ഉച്ചയ്ക്ക് മേലേരി കയ്യേൽക്കൽ ചടങ്ങും നടക്കും.
ഉച്ചയ്ക്ക് 12.30-നാണ് ഭക്തർ കാത്തിരിക്കുന്ന മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരുക. രാത്രി തിരുമുടി ആറാടിക്കലോടെ കളിയാട്ട മഹോത്സവത്തിന് സമാപനമാകും.







