ലോകകപ്പ് ഫൈനലിലെ കൂട്ടത്തല്ല്; അർജന്റീന താരങ്ങൾക്കെതിരെ ഫിഫ അന്വേഷണം പ്രഖ്യാപിച്ചു

Screenshot
ന്യൂയോർക്ക്: 2026 ലോകകപ്പ് ഫൈനലിൽ സ്പെയിനിനോടേറ്റ പരാജയത്തിന് പിന്നാലെ ഗ്രൗണ്ടിലുണ്ടായ കൂട്ടത്തല്ലിൽ അർജന്റീന താരങ്ങൾക്കെതിരെ ഫിഫ അന്വേഷണം പ്രഖ്യാപിച്ചു. സ്പാനിഷ് താരങ്ങളെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ അർജന്റീന പ്രതിരോധ താരം മൊളീന, മിഡ്ഫീൽഡർ ലിയാന്ദ്രൊ പരദേസ്, സഹപരിശീലകനും മുൻ താരവുമായ ഫാബിയൻ അയാള എന്നിവർക്കെതിരെയാണ് ഫിഫയുടെ അച്ചടക്ക സമിതി അന്വേഷണം നടത്തുന്നത്.
ഫിഫ ഡിസിപ്ലിനറി ആക്റ്റിലെ ആർട്ടിക്കിൾ 36 പ്രകാരമാണ് അന്വേഷണം. ഇതിനായി പ്രത്യേക പ്രോസിക്യൂട്ടറെയും നിയമിച്ചിട്ടുണ്ട്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ വിലക്ക് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികൾ താരങ്ങൾ നേരിടേണ്ടി വരും.
സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയെ മൊളീന ഇടിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പിന്നാലെ പരദേസ് എറിക് ഗാർസ്യയുടെ കഴുത്തിൽ പിടിക്കുകയും ഗാവിയെ ആക്രമിക്കുകയും ചെയ്തു. ഗാവിയെ തള്ളിയിട്ട പരദേസ് അദ്ദേഹത്തിന് നേരെ ബൂട്ട് എറിയുകയും ചെയ്തു. സഹപരിശീലകൻ ഫാബിയൻ അയാല ഡാനി ഓൽമോയുടെ കഴുത്തിന് പിടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പരദേസിനും, ഇതിന് മുമ്പ് അവസാന മിനിറ്റുകളിൽ എൻസോ ഫെർണാണ്ടസിനും റഫറി ചുവപ്പുകാർഡ് നൽകിയിരുന്നു.
ഇതിന് പുറമെ, ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ വിജയത്തിന് ശേഷം അർജന്റീന താരങ്ങൾ നടത്തിയ വിവാദ ആഘോഷത്തിലും ഫിഫ അന്വേഷണം നടത്തുന്നുണ്ട്. ‘മാൽവിനാസ്’ (ഫോക് ലാൻഡ് ദ്വീപുകൾ) അർജന്റീനയുടേതാണെന്ന് എഴുതിയ ബാനർ ഉയർത്തിയായിരുന്നു താരങ്ങളുടെ ആഘോഷം. ഫുട്‌ബോൾ ഗ്രൗണ്ടിലേക്ക് രാഷ്ട്രീയം കൊണ്ടുവരുന്നത് ഫിഫ കർശനമായി വിലക്കിയിട്ടുള്ളതിനാൽ അർജന്റീന ഇതിലും നടപടി നേരിടേണ്ടി വന്നേക്കും.










