ഗോളടിച്ച് മെസ്സി, ഇഞ്ചുറി ടൈമിൽ കൂട്ടത്തല്ലും ചുവപ്പ് കാർഡും; ആവേശപ്പോരാട്ടത്തിൽ ഇന്റർ മയാമിക്ക് സമനില

Screenshot
സ്പോർട്സ് ഡെസ്ക്: ഗോളുകളും ചുവപ്പ് കാർഡുകളും നാടകീയ രംഗങ്ങളും നിറഞ്ഞ മേജർ സോക്കർ ലീഗ് (MLS) പോരാട്ടത്തിൽ ഇന്റർ മയാമിക്കും ഫിലാഡെൽഫിയയ്ക്കും സമനില. അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഗോൾ കണ്ടെത്തിയ മത്സരത്തിൽ ഇരുടീമുകളും രണ്ട് വീതം ഗോളുകൾ നേടി (2-2). മത്സരത്തിന്റെ അവസാനഘട്ടത്തിൽ ഇരുടീമിലെയും താരങ്ങൾ ഏറ്റുമുട്ടിയതിനെ തുടർന്ന് രണ്ട് പേർ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
മുന്നിലെത്തി മയാമി, തിരിച്ചടിച്ച് ഫിലാഡെൽഫിയ
മത്സരത്തിൽ ആദ്യം ഗോൾ നേടിയത് ഫിലാഡെൽഫിയയാണ്. 11-ാം മിനിറ്റിൽ ഇൻഡിയാന വാസിലേവാണ് ഫിൽഡെൽഫിയയെ മുന്നിലെത്തിച്ചത്. എന്നാൽ 21-ാം മിനിറ്റിൽ ഡാനിയേൽ പിന്ററിലൂടെ മയാമി ഒപ്പമെത്തി. മെസ്സി തുടങ്ങിവെച്ച മുന്നേറ്റത്തിൽ നിന്നാണ് ഈ സമനില ഗോൾ പിറന്നത്. തൊട്ടുപിന്നാലെ 26-ാം മിനിറ്റിൽ പെനാൽറ്റി ബോക്‌സിനുള്ളിൽ നിന്ന് പ്രതിരോധതാരങ്ങളെ വിദഗ്ധമായി വെട്ടിയൊഴിഞ്ഞ് മെസ്സി മയാമിയെ മുന്നിലെത്തിച്ചു. ആദ്യ പകുതി 2-1ന് മയാമി മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിൽ ഉണർന്നുകളിച്ച ഫിലാഡെൽഫിയ മയാമി ബോക്‌സിലേക്ക് നിരന്തരം ഇരച്ചുകയറി. ഒടുവിൽ 58-ാം മിനിറ്റിൽ നീൽ പിയേറയിലൂടെ അവർ സമനിലഗോളും നേടി. വിജയഗോൾ കണ്ടെത്താൻ മെസ്സിയും സംഘവും കിണഞ്ഞു ശ്രമിച്ചിട്ടും ഫിലാഡെൽഫിയ പ്രതിരോധം മറികടക്കാനായില്ല. ഇതിനിടെ ഫിലാഡെൽഫിയ വലകുലുക്കിയെങ്കിലും വാർ (VAR) പരിശോധനയിൽ ഓഫ്‌സൈഡാണെന്ന് കണ്ടെത്തിയതിനാൽ ഗോൾ നിഷേധിക്കപ്പെട്ടു.
ഇഞ്ചുറി ടൈമിലെ കയ്യാങ്കളി
മത്സരം അവസാനിക്കാനിരിക്കേ ഇഞ്ചുറി ടൈമിലായിരുന്നു ഗ്രൗണ്ടിലെ കൂട്ടത്തല്ല്. ഫിലാഡെൽഫിയ നടത്തിയ മുന്നേറ്റത്തിന് പിന്നാലെ കവാൻ സുള്ളിവാനും മയാമിയുടെ യാനിക് ബ്രൈറ്റും തമ്മിൽ കയ്യാങ്കളിയുണ്ടായി. പൊരിഞ്ഞ അടിയിലേക്ക് നീങ്ങുന്ന സാഹചര്യം വരെ ഗ്രൗണ്ടിലുണ്ടായി. പിന്നീട് ഇരു ടീമിലെയും സഹതാരങ്ങൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. കയ്യാങ്കളിക്ക് കാരണക്കാരായ സുള്ളിവാനും യാനിക് ബ്രൈറ്റിനും റഫറി ചുവപ്പ് കാർഡ് നൽകി പുറത്താക്കി.







