കീഴൂർ- എടക്കാനം – പഴശ്ശി പ്രൊജക്ട് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കണം; യു.ഡി.എഫ് കൗൺസിലർമാർ മന്ത്രിമാർക്ക് നിവേദനം നൽകി

Screenshot
ഇരിട്ടി: ഇരിട്ടി നഗരസഭയിലെ വിവിധ വാർഡുകളിലൂടെ കടന്നുപോകുന്ന കീഴൂർ- എടക്കാനം – പഴശ്ശി പ്രൊജക്ട് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വീതികൂട്ടി നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നഗരസഭ കൗൺസിലർമാർ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിനും, ജലവിഭവ വകുപ്പ് മന്ത്രിയും പേരാവൂർ എം.എൽ.എയുമായ സണ്ണി ജോസഫിനും തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ എത്തി നിവേദനം നൽകി. പഴശ്ശി പദ്ധതി പ്രദേശത്തുകൂടി കടന്നുപോകുന്ന ഈ റോഡ് ഇരിട്ടിയിൽ നിന്നും എളുപ്പത്തിൽ പദ്ധതി പ്രദേശത്തെത്തിച്ചേരാൻ സഹായിക്കുന്ന മാർഗ്ഗമാണ്. പദ്ധതി പ്രദേശത്തെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനും, മട്ടന്നൂർ – വളവുപാറ റോഡിന് ബദലായി എടക്കാനം – വെളിയമ്പ്ര വഴി മട്ടന്നൂരിൽ എത്തിച്ചേരാൻ കഴിയുന്ന പുതിയ പാതയായി മാറാനും ഈ റോഡിന്റെ നവീകരണം അനിവാര്യമാണെന്ന് കൗൺസിലർമാർ ചൂണ്ടിക്കാണിച്ചു.
കൂടാതെ, വർഷങ്ങളായി ഇരിട്ടി പുഴയിൽ അടിഞ്ഞുകൂടി പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന മണലും ചെളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. നഗരസഭ കൗൺസിലർമാരായ പി.എ. നസീർ, വി.പി. അബ്ദുൾ റഷീദ്, കെ.കെ. ഉണ്ണികൃഷ്ണൻ, ടി. ഷംസീർ, കെ. ഹഫ്സത്ത്, ജുമൈലഫിറോസ്, ഷബനാസ് അഷ്റഫ്, സി.എം. രമ്യ, വി. രാധ, ഇ.കെ. ഹാരിഫ, എ. ലക്ഷ്മി, എ. നദീറ, ഷബിന ഷെറിൻ എന്നിവരാണ് നിവേദനം നൽകിയ സംഘത്തിലുണ്ടായിരുന്നത്.







