ക്രൊയേഷ്യയ്ക്ക് ആശ്വാസജയം; പാനമയെ വീഴ്ത്തി നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി മോഡ്രിച്ചും സംഘവും, പാനമ പുറത്ത്!

Screenshot
ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം ലോകകപ്പിൽ ജീവൻ നിലനിർത്താനിറങ്ങിയ ക്രൊയേഷ്യയ്ക്ക് ആശ്വാസജയം. ഗ്രൂപ്പ് എൽ-ൽ നടന്ന വാശിയേറിയ മത്സരത്തിൽ പാനമയെ എതിരില്ലാത്ത ഒരു ഗോളിന് (1-0) പരാജയപ്പെടുത്തി ക്രൊയേഷ്യ തങ്ങളുടെ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി. പകരക്കാരനായി കളത്തിലിറങ്ങി ആന്റെ ബുദിമിർ ആണ് ക്രൊയേഷ്യയുടെ വിജയഗോൾ നേടിയത്. മറുവശത്ത് ലോകകപ്പിലെ തുടർച്ചയായ രണ്ടാം തോൽവിയോടെ പാനമ നോക്കൗട്ട് കാണാതെ പുറത്തായി.
ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട ക്രൊയേഷ്യയ്ക്ക് ഈ വിജയം വലിയ ആശ്വാസമാണ് നൽകുന്നത്. നിലവിൽ ഗ്രൂപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയന്റ് വീതമുള്ള ഇംഗ്ലണ്ടും ഘാനയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. അതുകൊണ്ടുതന്നെ അവസാന ഗ്രൂപ്പ് മത്സരങ്ങൾ ക്രൊയേഷ്യയ്ക്ക് അതിനിർണായകമാണ്.
ആദ്യജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ഇരു ടീമുകളും തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിച്ചു. രണ്ടാം മിനിറ്റിൽ തന്നെ നായകൻ ലൂക്കാ മോഡ്രിച്ച് ഗോളിനടുത്തത്തിയിരുന്നു. എന്നാൽ പിന്നീട് ക്രൊയേഷ്യയെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു പാനമ കാഴ്ചവെച്ചത്. മികച്ച നീക്കങ്ങളുമായി പാനമ കളം നിറഞ്ഞതോടെ ക്രൊയേഷ്യൻ പ്രതിരോധം വിയർത്തു. പലപ്പോഴും പാനമ മുന്നേറ്റങ്ങൾ ക്രൊയേഷ്യൻ പ്രതിരോധത്തെ കടുത്ത സമ്മർദത്തിലാക്കി. ഈ ഘട്ടത്തിൽ ക്രൊയേഷ്യൻ ഗോളി ലിവാക്കോവിച്ചിന്റെ തകർപ്പൻ സേവുകളാണ് ക്രൊയേഷ്യയെ കാത്തത്. പന്ത് കൂടുതൽ സമയം കൈവശംവെച്ച് കളിച്ചെങ്കിലും ആദ്യപകുതിയിൽ കാര്യമായ ആക്രമണം നടത്താൻ ക്രൊയേഷ്യക്ക് സാധിച്ചില്ല.
എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരെ കളത്തിലിറക്കിയ ക്രൊയേഷ്യ തങ്ങളുടെ മുന്നേറ്റത്തിന് വേഗത കൂട്ടി. ഒടുവിൽ 54-ാം മിനിറ്റിൽ അവർ കാത്തിരുന്ന ഗോളെത്തി. പകരക്കാരനായി ഇറങ്ങിയ ആന്റെ ബുദിമിറാണ് പാനമയുടെ വലകുലുക്കിയത്. ഗോളടിച്ചതിന് പിന്നാലെ ക്രൊയേഷ്യ ആക്രമണങ്ങൾ തുടർന്നെങ്കിലും പാനമ ഗോളിയുടെ മികച്ച സേവുകൾ അവർക്ക് വിലങ്ങുതടിയായി. സമനില ഗോളിനായി പാനമ മികച്ച കൗണ്ടർ അറ്റാക്കുകൾ നടത്തിയെങ്കിലും, പന്ത് വിട്ടുകൊടുക്കാതെ കളി നിയന്ത്രിച്ച മോഡ്രിച്ചും സംഘവും വിലപ്പെട്ട മൂന്ന് പോയിന്റുമായി മൈതാനം വിടുകയായിരുന്നു.









