എക്സാലോജിക് കേസ്: അന്വേഷണം ശക്തമാക്കി ഇ.ഡി; നിർണായകമായ 134 എസ്.എഫ്.ഐ.ഒ രേഖകൾ ഇന്ന് ലഭിക്കും

Screenshot
കൊച്ചി/തിരുവനന്തപുരം: എക്സാലോജിക് – സി.എം.ആർ.എൽ (CMRL) സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം കൂടുതൽ ഊർജിതമാക്കുന്നു. കേസിൽ നിർണായകമായ 134 എസ്.എഫ്.ഐ.ഒ (SFIO) രേഖകൾ ഇന്ന് പി.എം.എൽ.എ കോടതി മുഖേന ഇ.ഡിക്ക് ലഭിക്കും. ഈ രേഖകൾ കേസിലെ അന്വേഷണത്തിൽ വഴിത്തിരിവാകുമെന്ന് ഇ.ഡി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ടി. വീണയുടെ കമ്പനിയായ എക്സാലോജിക്കും സി.എം.ആർ.എല്ലും തമ്മിലുള്ള കരാർ രേഖകളും വീണയുടെ ആദായ നികുതി റിട്ടേണുകളും ലഭിക്കുന്ന രേഖകളിൽ ഉൾപ്പെടുന്നു. യാതൊരു ഐ.ടി സേവനങ്ങളും നൽകാതെ സി.എം.ആർ.എല്ലിൽനിന്ന് വൻതുക കൈപ്പറ്റിയെന്ന എസ്.എഫ്.ഐ.ഒ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ, എട്ടു ലക്ഷം രൂപ പ്രതിമാസം എന്തിനു കൈപ്പറ്റി എന്നതിലടക്കം ടി. വീണയെ വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡി നീക്കം നടത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട ഒമ്പത് പേർക്ക് ഇ.ഡി ഇതിനകം സമൻസ് അയച്ചിട്ടുണ്ട്.










