ദുബായിലേക്ക് യാത്ര തിരിക്കാനിരിക്കെ ദാരുണാന്ത്യം; യുവാവ് വാഹനാപകടത്തിൽ മരിച്ചു; ഭാര്യയ്ക്ക് പരിക്ക്

Screenshot
തൃശൂർ: ദുബായിലേക്ക് ജോലിക്കായി പോകാനിരുന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചു. തൃശൂർ ആദൂർ കാരേങ്ങൽ മുഹമ്മദ് ഹാഷിം (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ സിയാ മൈമൂനയ്ക്ക് (20) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.
ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ കുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാനപാതയിലെ എരുമപ്പെട്ടി പാഴിയോട്ടുമുറിക്ക് സമീപമായിരുന്നു അപകടം. വടക്കാഞ്ചേരിയിൽ നിന്ന് അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. എരുമപ്പെട്ടിയിലെ സിയാ മൈമൂനയുടെ വീട്ടിലേക്ക് പോവുകയായിരുന്നു ഇവർ.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഹാഷിമിന്റെ തുടയെല്ല് തകർന്നിരുന്നു. തുടർന്ന് തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ സിയാ മൈമൂനയെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. രണ്ട് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.










