സൗദിയിൽ ബസ് അപകടം; കണ്ണൂർ ചെണ്ടയാട് സ്വദേശിയായ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ മരിച്ചു

Screenshot
കൂത്തുപറമ്പ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുണ്ടായ ബസ് അപകടത്തിൽ കണ്ണൂർ സ്വദേശിയായ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. കൂത്തുപറമ്പ് ചെണ്ടയാട് കുനിയിൽ വീട്ടിൽ ഗോപാലക്കുറുപ്പിന്റെയും പദ്മാവതിയുടെയും മകൻ അഭിലാഷ് ഗോപാലകുറുപ്പാണ് (33) മരിച്ചത്. അഭിലാഷ് ഓടിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ലാൻഡ് റോവർ ഓടിച്ചിരുന്ന സൗദി പൗരൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഈ വാഹനത്തിലുണ്ടായിരുന്ന സൗദി സ്വദേശിനിയായ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ അൽ നഈരിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർഷങ്ങളായി ജുബൈലിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അഭിലാഷ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.







