51 ഗ്രാം എം.ഡി.എം.എ കടത്തിയ കേസ്: പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

Screenshot
കാസർകോട്: ബൈക്കിൽ 51 ഗ്രാം എം.ഡി.എം.എ കടത്തിയ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മഞ്ചേശ്വരം കൂബന്നൂർ കാനാ വീട്ടിൽ റിയാസുദ്ദീന്റെ മകൻ മുഹമ്മദ് സമീറിനെ (40) യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് രാമു രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവും അനുഭവിക്കണം.
2021 ഒക്ടോബർ നാലിന് രാവിലെ 11.45-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ചേശ്വരം താലൂക്കിൽ കയ്യാർ വില്ലേജിൽ കൈകമ്പ-ബായിക്കട്ട റോഡിൽ വെച്ച് കെ.എൽ 14 എസ് 9246 (KL 14 S 9246) നമ്പർ ബൈക്കിൽ എം.ഡി.എം.എ കടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കാസർകോട് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജോയി ജോസഫും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
പ്രിവൻ്റീവ് ഓഫീസർമാരായ സന്തോഷ്കുമാർ വി., ബിജോയ് ഇ.കെ., സുധീന്ദ്രൻ എം.വി., സാജൻ അപ്യാൽ, നിഷാദ് പി. നായർ, മഞ്ജുനാഥൻ വി., മനോജ് പി., മോഹൻകുമാർ എൽ., ശൈലേഷ്കുമാർ പി. എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കേസിൽ വിശദമായ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് കാസർകോട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറായ എസ്. കൃഷ്ണകുമാറാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ജി. ചന്ദ്രമോഹൻ, അഡ്വ. എം. ചിത്രകല എന്നിവർ ഹാജരായി.







