മോഷ്ടിച്ച ബൈക്കിൽ കറങ്ങിയ യുവാവ് പിടിയിൽ; റിമാൻഡ് ചെയ്തു

Screenshot
പാനൂർ: കോഴിക്കോട് നിന്ന് മോഷ്ടിച്ച ബൈക്കുമായി യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് മേപ്പയൂരിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി പാനൂർ പാറക്കടവിന് സമീപം വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. കോഴിക്കോട് വിലങ്ങാട് നെടുംപറമ്പ് കരകളത്തെ കടന്നപുറത്ത് ഹൗസിൽ കെ.പി. പ്രണവിനെയാണ് (28) കൊളവല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കൊളവല്ലൂർ സബ് ഇൻസ്പെക്ടർ ടി.കെ. അഖിലിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കെ.എൽ 56 എൻ 8767 നമ്പർ ബൈക്കുമായി ഇയാൾ എത്തിയത്. സംശയം തോന്നിയ പോലീസ് ഇ-പോസ് മെഷീൻ വഴി വാഹനത്തിന്റെ ഉടമയെ കണ്ടെത്തി വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് ബൈക്ക് മോഷ്‌ടിച്ചതാണെന്ന് മനസ്സിലായത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു.







