അടിവസ്ത്രത്തിലും പോക്കറ്റിലും ഒളിപ്പിച്ചത് ലക്ഷങ്ങളുടെ എം.ഡി.എം.എ; വടക്കഞ്ചേരിയിൽ യുവതിയും യുവാവും പിടിയിൽ

Screenshot
വടക്കഞ്ചേരി: ലക്ഷങ്ങൾ വിലമതിക്കുന്ന രാസലഹരിയുമായി വടക്കഞ്ചേരിയിൽ യുവതിയും യുവാവും പിടിയിൽ. 46 ഗ്രാം എം.ഡി.എം.എയുമായി കോട്ടയം പൊൻകുന്നം സ്വദേശി എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ സ്വദേശി ഷാഹുൽ സുനീർ (29) എന്നിവരെയാണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാവിലെ 9 മണിയോടെ പന്നിയങ്കര ടോൾ പ്ലാസ്സക്ക് സമീപം വെച്ചാണ് ഇവർ പിടിയിലായത്. ‘ഓപ്പറേഷൻ തൂഫാനി’ന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും രണ്ട് ട്രാവൽ ബസുകളിലായി എത്തിയ ഇരുവരും പന്നിയങ്കരയിൽ വെച്ച് മറ്റൊരു ബസ്സിലേക്ക് മാറാൻ കാത്തുനിൽക്കുന്നതിനിടെയാണ് പോലീസിന്റെ വലയിലായത്.
പിടിയിലാവുമ്പോൾ ഇവരുടെ കൈവശം ആകെ 45.253 ഗ്രാം എം.ഡി.എം.എ ഉണ്ടായിരുന്നു. ഇതിൽ 24.089 ഗ്രാം ഷാഹുലിന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും, 21.164 ഗ്രാം എലിസബത്തിന്റെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലുമാണ് കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്ന് ഇവർ പോലീസിന് മൊഴി നൽകി. അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു.










