ലോകകപ്പ് സെമിഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം; ആദ്യ സെമിയിൽ ഫ്രാൻസും സ്പെയിനും നേർക്കുനേർ

Screenshot
48 ടീമുകൾ മാറ്റുരച്ച ലോകകപ്പ് ഫുട്ബോൾ പോരാട്ടം ഇനി അവസാന നാല് പേരിലേക്ക് ചുരുങ്ങിയിരിക്കുന്നു. വിശ്വഫുട്ബാളിലെ രാജ സിംഹാസനത്തിൽ ആര് ഇരിപ്പുറപ്പിക്കുമെന്ന് അറിയാൻ ഇനി മുന്നിലുള്ളത് ഏതാനും മത്സരങ്ങളുടെ ദൂരം മാത്രം. ലോകഫുട്ബാൾ റാങ്കിങ്ങിലെ ആദ്യ നാല് സ്ഥാനക്കാർ ഇന്നും നാളെയുമായി അമേരിക്കൻ മണ്ണിൽ ഫൈനൽ ടിക്കറ്റിനായി മുഖാമുഖം പോരാടും.
സെമിഫൈനൽ മത്സരക്രമം:
ആദ്യ സെമി: ഫ്രാൻസ് vs സ്പെയിൻ (ചൊവ്വാഴ്ച, ഇന്ത്യൻ സമയം അർദ്ധരാത്രി 12:30 ന്, ഡാളസ്)
രണ്ടാം സെമി: അർജന്റീന vs ഇംഗ്ലണ്ട് (ബുധനാഴ്ച രാത്രി, അറ്റ്ലാന്റയിലെ മേഴ്സിഡസ് ബെൻസ് സ്റ്റേഡിയം)
എംബാപ്പെ Vs യമാൽ; യൂറോപ്യൻ കരുത്തരുടെ പോരാട്ടം:
സമകാലിക ഫുട്ബോളിലെ സൂപ്പർതാരങ്ങളായ കിലിയൻ എംബാപ്പെ, ഉസ്മാനെ ഡെംബലെ എന്നിവർ ഫ്രഞ്ച് പടയെ നയിക്കുമ്പോൾ, യുവതാരങ്ങളായ ലമിൻ യമാൽ, മികേൽ ഒയർസബാൽ, ഡാനി ഒൽമോ എന്നിവരിലാണ് സ്പെയിനിന്റെ പ്രതീക്ഷ. പരിശീലകരായ ദിദിയർ ദെഷാംപ്സും ലൂയി ഡാ ലാ ഫുവന്റെയും തമ്മിലുള്ള തന്ത്രങ്ങളുടെ പോരാട്ടം കൂടിയാണിത്.
സെമിയിലേക്കുള്ള വഴി:
ഫ്രാൻസ്: ഗ്രൂപ്പ് റൗണ്ട് മുതൽ തുടർച്ചയായി ആറ് ജയങ്ങളുമായാണ് ഫ്രാൻസിന്റെ മുന്നേറ്റം. നോക്കൗട്ടിൽ സ്വീഡൻ (3-0), പരാഗ്വേ (1-0), മൊറോക്കോ (2-0) എന്നീ ടീമുകളെ പരാജയപ്പെടുത്തി. ആറ് കളിയിൽ 16 ഗോളുകൾ അടിച്ചപ്പോൾ വഴങ്ങിയത് 2 ഗോളുകൾ മാത്രം. നോക്കൗട്ടിലെ മൂന്ന് കളിയിലും ഫ്രാൻസ് ക്ലീൻ ഷീറ്റ് സ്വന്തമാക്കി.
സ്പെയിൻ: ആറ് കളികളിൽ അഞ്ച് ജയവും ഒരു സമനിലയുമായാണ് സ്പെയിന്റെ വരവ്. നോക്കൗട്ടിൽ ഓസ്ട്രിയ (3-0), പോർച്ചുഗൽ (1-0), ബെൽജിയം (2-1) എന്നിവരെ വീഴ്ത്തി.
നേർക്കുനേർ കണക്കുകൾ (സ്പാനിഷ് മുൻതൂക്കം):
സ്പെയിനും ഫ്രാൻസും തമ്മിൽ ചരിത്രപരമായ വലിയ പോരാട്ടവീര്യമുണ്ട്. ഇതുവരെ 38 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 18 കളിയിൽ സ്പെയിനും 13 കളിയിൽ ഫ്രാൻസും വിജയിച്ചു. 7 കളി സമനിലയിലായി. അവസാനമായി നടന്ന അഞ്ച് കളികളിൽ രണ്ടെണ്ണം ഫ്രാൻസും മൂന്നെണ്ണം സ്പെയിനും വിജയിച്ചു. 2024 യൂറോ കപ്പ് സെമിയിലും (2-1), യുവേഫ നാഷൻസ് ലീഗ് സെമിയിലും (5-4) സ്പെയിനായിരുന്നു വിജയം.










