സൂപ്പർ സബ്ബായി മെറീനോ; ബെൽജിയത്തെ വീഴ്ത്തി സ്പെയിൻ സെമിയിൽ!

Screenshot
ലോസ് ആഞ്ജലിസ്: വീണ്ടുമൊരിക്കൽ കൂടി സൂപ്പർ സബ്ബായി മിക്കെൽ മെറീനോ അവതരിച്ച മത്സരത്തിൽ ബെൽജിയത്തെ കീഴടക്കി സ്‌പെയിൻ ലോകകപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. 1-2 എന്ന സ്കോറിനായിരുന്നു സ്പാനിഷ് സംഘത്തിന്റെ വിജയം. സെമിയിൽ ഫ്രാൻസാണ് സ്‌പെയിനിന്റെ എതിരാളികൾ.
മത്സരത്തിന്റെ 30-ാം മിനിറ്റിൽ ഫാബിയാൻ റൂയിസിലൂടെ സ്‌പെയിൻ ലീഡെടുത്തു. ഡാമി ഓൽമോയുടെ ഷോട്ട് ബെൽജിയം ഗോളി തിബോ കോർട്ട്വാ രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ട് വന്ന പന്ത് റൂയിസ് വലയിലെത്തിക്കുകയായിരുന്നു. എന്നാൽ 41-ാം മിനിറ്റിൽ ഷാർല ഡി കെറ്റെലാറെയിലൂടെ ബെൽജിയം തിരിച്ചടിച്ചു. തിമോത്തി കസ്റ്റാന്യയുടെ ക്രോസിൽ നിന്നുള്ള ഹെഡറിലൂടെയായിരുന്നു ഗോൾ. ഈ ലോകകപ്പിൽ സ്‌പെയിൻ വഴങ്ങുന്ന ആദ്യ ഗോളായിരുന്നു ഇത്.
86-ാം മിനിറ്റിൽ ഡാനി ഓൽമോയ്ക്ക് പകരം കളത്തിലിറങ്ങിയ മിക്കെൽ മെറീനോ രണ്ട് മിനിറ്റിനുള്ളിൽ തന്നെ ടീമിന്റെ വിജയഗോൾ നേടി. പാവു കുബാർസിയുടെ ഷോട്ട് ബെൽജിയം ഗോളി സെന്നെ ലാമ്മെൻസിന് പിടിക്കാൻ സാധിക്കാതിരുന്ന പിഴവ് മെറീനോ മുതലെടുക്കുകയായിരുന്നു. പോർച്ചുഗലിനെതിരായ പ്രീക്വാർട്ടറിലും ഇൻജുറി ടൈമിൽ ഗോൾ നേടിയ മെറീനോ തന്നെയാണ് ഇത്തവണയും സ്പെയിനിന്റെ ഹീറോ.







