പെരുവംപറമ്പിൽ രണ്ട് വീടുകൾ കുത്തിത്തുറന്ന് മോഷണംപ്രതിയെ തമിഴ് നാട്ടിൽ നിന്നും അറസ്റ്റുചെയ്തു

.
ഇരിട്ടി: പെരുവംപറമ്പിൽ വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണം കവർന്ന കേസിലെ പ്രതിയെ ഇരിക്കൂർ പോലീസ് തമിഴ്‌നാട്ടിൽ നിന്നും പിടികൂടി അറസ്റ്റു ചെയ്തു. താമരശ്ശേരി അമ്പായത്തോട് സ്വദേശി സഞ്ജയ് (20) നെയാണ് സാഹസികമായി തേനിയിൽ വച്ച് പോലീസ് പിടികൂടിയത്.
ഈ മാസം 2നാണ് പടിയൂർ പഞ്ചായത്തിൽ പെട്ട പെരുവമ്പറമ്പിലെ 2 വീടുകൾ കുത്തിത്തുറന്ന് കവർച്ച നടന്നത്. അശ്വതി വീട്ടിൽ രൂപ രമേശ്, സമീപത്തെ ശ്രീവത്സം വീട്ടിൽ കെ. ടി. ബിന്ദു എന്നിവരുടെ വീടിന്റെ കതക് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. രൂപ രമേശിന്റെ വീട്ടിൽ നിന്നും ആറര പവനോളം സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മോഷണം നടത്തി തമിഴ്‌നാട്ടിലേക്ക് കടക്കുന്നതാണ് ഇയാളുടെ രീതി. പ്രതിയെ തേടി പോലീസ് തമിഴ്‌നാട് തേനിയിലെത്തി. ഈ സമയം ആൾട്ടോ കാറിൽ പോവുകയായിരുന്ന പ്രതിയെ ടൗണിൽ വെച്ച് വാഹനം പിൻതുടർന്ന് സാഹസികമായാണ് പിടികൂടിയത്. ഇരിട്ടി ഡിവൈഎസ് പി കെ. ധനഞ്ജയ ബാബുവിന്റെ നിർദ്ദേശത്തെ തുടർന്ന് ഇരിക്കൂർ എസ് ഐ കെ. പി. അനീഷ്, എസ് ഐ പ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ വിജിത്ത് എന്നുവരും എസ് പി സ്‌ക്വാഡ് അംഗങ്ങളായ ഷിജോയ്, ജയദേവൻ, ഷിജിത്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ കയ്യിൽ നിന്നും സ്വർണാഭരണങ്ങളും കണ്ടെടുത്തു. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് സഞ്ജയ് എന്ന് പോലീസ് പറഞ്ഞു. വീടുകൾതോറും പഴയ സാധനങ്ങൾ എടുക്കുവാൻ എന്ന വ്യാജേന എത്തുന്ന പ്രതി ആളില്ലാത്ത വീടുകൾ നോക്കിവെച്ച് രാത്രികാലങ്ങളിൽ മോഷണം നടത്തുന്ന രീതിയാണ്. ഇയാളോടൊപ്പം മറ്റ് രണ്ടുപേരും ഉണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതേക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.







