നിർമലം ശുചിത്വകേരളം കാംപെയ്ൻ: മട്ടന്നൂരിൽ 600 മീറ്റർ നീളത്തിൽ ശുചിത്വമതിൽ തീർത്തു

Screenshot
മട്ടന്നൂർ: ‘നിർമലം ശുചിത്വകേരളം’ കാംപെയ്ന്റെ ഭാഗമായി മട്ടന്നൂരിൽ വിപുലമായ ജനകീയ പങ്കാളിത്തത്തോടെ ശുചിത്വമതിൽ തീർത്തു. തലശ്ശേരി റോഡിൽ ശിവപുരം ജങ്ഷൻ മുതൽ മട്ടന്നൂർ പോലീസ് സ്റ്റേഷൻ വരെയുള്ള 600 മീറ്റർ സ്ഥലത്താണ് മതിൽ തീർത്തത്. ശുചിത്വ ബോധവൽക്കരണ സന്ദേശങ്ങൾ എഴുതിയ ബാനറുകൾ പിടിച്ചുകൊണ്ട് നൂറുകണക്കിന് ആളുകൾ മതിലിന്റെ ഭാഗമായി അണിനിരന്നു.
വിദ്യാർത്ഥികൾ, അധ്യാപകർ, ശുചീകരണ തൊഴിലാളികൾ, ഹരിതകർമസേനാംഗങ്ങൾ, അങ്കണവാടി-ആശ പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരികൾ, ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു. തുടർന്ന് ഏവരും ചേർന്ന് ശുചിത്വ പ്രതിജ്ഞയെടുത്തു.
തുടർന്ന് നടന്ന പൊതുസമ്മേളനം നഗരസഭാധ്യക്ഷൻ എൻ. ഷാജിത്ത് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ പി. ശ്രീനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.ടി. ചന്ദ്രൻ, കെ. ഭാസ്കരൻ, കെ.വി. ജയചന്ദ്രൻ, റഫീഖ് ബാവോട്ടുപാറ, സജു കിളിയങ്ങാട്, കെ.പി. രമേശൻ, വി. രാമദാസ്, താജുദ്ദീൻ മട്ടന്നൂർ, മണാട്ട് കുമാരൻ, അണിയേരി അച്യുതൻ, മുസ്തഫ ദാവാരി, നഗരസഭ സെക്രട്ടറി പി.എൻ. അനീഷ്, ക്ലീൻസിറ്റി മാനേജർ ഷൈൻ പി. ജോസ് തുടങ്ങിയവർ സംസാരിച്ചു.







