സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ; ആകെ കടബാധ്യത 5.07 ലക്ഷം കോടിയെന്ന് ധവളപത്രം; കിഫ്ബിക്കെതിരെ രൂക്ഷ വിമർശനം

Screenshot
തിരുവനന്തപുരം: പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്ത്. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി ഉയർന്നുവെന്ന് ധവളപത്രം വ്യക്തമാക്കുന്നു. സംസ്ഥാനം കടുത്ത ട്രഷറി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ചെലവുകൾക്കായി 2025-ൽ മാത്രം 262 ദിവസം വേയ്സ് ആൻഡ് മീൻസ് അഡ്വാൻസിനെയും (WMA) 84 ദിവസം ഓവർഡ്രാഫ്റ്റിനെയും ആശ്രയിക്കേണ്ടി വന്നുവെന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ 12-ൽ 10 മാസവും ട്രഷറി നെഗറ്റീവ് ബാലൻസിലായിരുന്നു.
സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയവയ്ക്കായി മാറ്റിവെക്കേണ്ടി വരുന്നു. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ഡി.ആർ കുടിശ്ശികയിനത്തിൽ മാത്രം 48,733 കോടി രൂപയുടെ അധിക ബാധ്യതയാണ് പുതിയ സർക്കാരിന് ഏറ്റെടുക്കേണ്ടി വന്നത്. അതേസമയം, വികസനത്തിനായുള്ള മൂലധന ചെലവ് ജി.എസ്.ഡി.പി-യുടെ വെറും 1.3 ശതമാനം മാത്രമാണ്. ഇത് രാജ്യത്തെ തന്നെ ഏറ്റവും താഴ്ന്ന നിരക്കാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ സഞ്ചിത നഷ്ടം 78,851 കോടി രൂപയായി ഉയർന്നു.
കിഫ്ബി സമാന്തര ഭരണകൂടം
ധവളപത്രത്തിൽ കിഫ്‌ബിക്കെതിരെ (KIIFB) രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. സർക്കാരിന്റെ നിയന്ത്രണത്തിന് പുറത്തുള്ള ഒരു സമാന്തര ഭരണകൂടമായാണ് കിഫ്‌ബി പ്രവർത്തിച്ചതെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. കിഫ്‌ബി വഴി എടുത്തിട്ടുള്ള ഏകദേശം 21,000 കോടി രൂപയുടെ വായ്പാ ബാധ്യത സംസ്ഥാനത്തിന്റെ തന്നെ കടമാണ്. അംഗീകരിച്ച പദ്ധതികൾ പൂർത്തിയാക്കാൻ 35,000 കോടി രൂപ കൂടി ആവശ്യമാണ്. മാത്രമല്ല, ഉയർന്ന പലിശയ്ക്ക് വായ്പയെടുക്കുന്നത് ഖജനാവിന് വൻ നഷ്ടമുണ്ടാക്കുന്നു. കിഫ്‌ബി ഫണ്ട് വിതരണത്തിൽ പ്രാദേശിക അസമത്വമുണ്ടെന്നും, ആകെ തുകയുടെ 20 ശതമാനവും കണ്ണൂർ ജില്ലയിലേക്കാണ് പോയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര വിഹിതത്തിലുണ്ടായ കുറവ്, ജി.എസ്.ടി നഷ്ടപരിഹാരം അവസാനിച്ചത്, റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നിർത്തലാക്കിയതിലൂടെയുണ്ടായ 20,000 കോടി രൂപയുടെ നഷ്ടം എന്നിവ ഖജനാവിന് കനത്ത ആഘാതമായി. സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കാതെ, വ്യവസായ വികസനവും സ്വകാര്യ നിക്ഷേപവും പ്രോത്സാഹിപ്പിക്കാതെ ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സാധിക്കില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.










