ഗാനകോകിലത്തിന് കണ്ണീരോടെ വിട; എസ്. ജാനകിയുടെ സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു

Screenshot
മൈസൂരു: പാടിത്തീർത്ത 48,000 ഗാനങ്ങൾ ബാക്കിയാക്കി ദക്ഷിണേന്ത്യയുടെ ഗാനകോകിലം എസ്. ജാനകി നിത്യതയിൽ അലിഞ്ഞു. മൈസൂരുവിലെ കനിയനഹുണ്ടി ഫാം ഹൗസിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ. പേരക്കുട്ടി അപ്സരയാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. ഗായിക കെ.എസ്. ചിത്ര ഉൾപ്പെടെയുള്ള പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു.
മൈസൂരു ബൊഗാദിയിലെ വീട്ടിൽവെച്ച് ശനിയാഴ്ച ഉച്ചയ്ക്ക് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഏകമകൻ മുരളീകൃഷ്ണ ജനുവരിയിൽ മരിച്ചതിനെത്തുടർന്ന് പേരക്കുട്ടി അപ്സരയുടെ കൂടെയായിരുന്നു താമസം. 2016-ൽ സംഗീതജീവിതത്തിൽനിന്ന് വിരമിച്ചശേഷം പൂർണ്ണമായും വിശ്രമത്തിലായിരുന്നു അവർ.
ആറ് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിനിടെ 17 ഭാഷകളിലായി അനേകായിരം ഗാനങ്ങൾ ആ അതുല്യപ്രതിഭ ആലപിച്ചു. നാല് ദേശീയ ചലച്ചിത്ര അവാർഡുകളും 33 സംസ്ഥാന അവാർഡുകളും (കേരളം-11, തമിഴ്നാട്-7, ആന്ധ്രപ്രദേശ്-10) നേടിയിട്ടുണ്ട്. 1957-ൽ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ തുടക്കംകുറിച്ചത്. 1977-ൽ ‘പതിനാറു വയതിനിലേ’ എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിനാണ് ആദ്യമായി ദേശീയപുരസ്കാരം ലഭിച്ചത്. 2013-ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചെങ്കിലും അവർ അത് നിരസിച്ചിരുന്നു.










