കൊട്ടിയൂർ വൈശാഖ മഹോത്സവം: വെള്ളിയാഴ്ച തിരുവോണം ആരാധന; ഉത്സവ നഗരിയെ മാലിന്യമുക്തമാക്കി ഹരിതകർമസേന

Screenshot
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ നാല് പ്രധാന ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന വെള്ളിയാഴ്ച അക്കരെ സന്നിധാനത്ത് നടക്കും. ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും ആരാധനാ സദ്യയും, സന്ധ്യയ്ക്ക് ആരാധനാ പൂജയുമാണുണ്ടാകുക. ഞായറാഴ്ച ഇളനീർവെപ്പും തിങ്കളാഴ്ച ഇളനീരാട്ടവും അഷ്ടമി ആരാധനയും നടക്കും. ഇതിനിടെ, അക്കരെ ക്ഷേത്രത്തിലെ മണിത്തറയിൽ ബ്രാഹ്‌മണസ്ഥാനികരുടെ നേതൃത്വത്തിൽ താത്കാലിക ശ്രീകോവിൽ നിർമാണം പൂർത്തിയായിട്ടുണ്ട്. ബുധനാഴ്ച സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ഭക്തരാണ് കൊട്ടിയൂർ പെരുമാളെ തൊഴാനായി എത്തിയത്. മണിക്കൂറുകൾ കാത്തുനിന്നാണ് പലർക്കും ദർശനം നടത്താനായത്.
മാലിന്യമുക്തമായി കൊട്ടിയൂർ; കാവലായി ഹരിതകർമസേന
വൈശാഖോത്സവത്തിന്റെ തിരക്കുകൾക്കിടയിലും പ്രകൃതിയെ സംരക്ഷിക്കാനും ഹരിതചട്ടപാലനം ഉറപ്പാക്കാനും കൊട്ടിയൂർ പഞ്ചായത്തിലെ 14 അംഗ ഹരിതകർമസേന സജീവമാണ്. തുടർച്ചയായ നാലാം വർഷമാണ് ഈ സംഘം ഉത്സവനഗരിയിൽ മാലിന്യ നിർമാർജനത്തിന് നേതൃത്വം നൽകുന്നത്. രാവിലെ ഒൻപത് മണിമുതൽ പാമ്പറപ്പാൻ മുതൽ മന്ദംചേരി വരെയുള്ള ഭാഗങ്ങളിലും, പാൽചുരം മുതൽ ചുങ്കക്കുന്ന് വരെ സ്ഥാപിച്ചിരിക്കുന്ന ബിന്നുകളിലുമുള്ള മാലിന്യങ്ങൾ ഇവർ നീക്കം ചെയ്യുന്നുണ്ട്.
കഴിഞ്ഞ വർഷം 1,10,323 കിലോ മാലിന്യമാണ് വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള ഹരിതകർമസേനാംഗങ്ങൾ ചേർന്ന് ഇവിടെ നിന്നും ശേഖരിച്ചത്. ഈ വർഷത്തെ ഉത്സവം മുന്നിൽക്കണ്ട് മേയ് മാസത്തിൽ തന്നെ വീടുകളിലെ മാലിന്യശേഖരണം പൂർത്തിയാക്കിയാണ് ഇവർ ഉത്സവനഗരിയിലേക്ക് എത്തിയത്. ജൂൺ 20-ന് ശേഷമേ വീടുകളിലെ ശേഖരണം പുനരാരംഭിക്കൂ. ശേഖരിക്കുന്നവയിൽ ജൈവമാലിന്യങ്ങൾ വലിയ കുഴികളെടുത്ത് മൂടുകയും, അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ക്ലീൻ കേരളയ്ക്ക് കൈമാറുകയുമാണ് ചെയ്യുന്നത്.







