കരുവാറ്റ വയോധികന്റെ കൊലപാതകം: 13-കാരിയടക്കം നാല് കുട്ടികൾ പിടിയിൽ; സ്വർണം കവർന്നത് ഐഫോണും ബൈക്കും വാങ്ങാൻ

Screenshot
ഹരിപ്പാട്: കരുവാറ്റയിൽ വാടകവീട്ടിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടിയെ (65) കൊലപ്പെടുത്തിയ സംഭവത്തിൽ 13-കാരിയായ ബന്ധുവടക്കം പ്രായപൂർത്തിയാകാത്ത നാല് പേർ അറസ്റ്റിലായി. പതിമൂന്നുകാരി നൽകിയ ക്വട്ടേഷൻ പ്രകാരം കൊല്ലം സ്വദേശികളായ മൂന്ന് ആൺകുട്ടികളാണ് കൊലപാതകം നടത്തിയത്.
വീട്ടിലെ സ്വർണാഭരണങ്ങൾ കവർന്ന് പെൺകുട്ടിക്ക് ഐഫോണും ആൺകുട്ടികൾക്ക് ബൈക്കും വാങ്ങാനായിരുന്നു ഇവരുടെ പദ്ധതി. ഞായറാഴ്ച രാത്രി നടന്ന കൊലപാതകം വീഡിയോ കോളിലൂടെ പ്രതികൾ പെൺകുട്ടിയെ തത്സമയം കാണിച്ചുകൊടുത്തുവെന്ന ഞെട്ടിക്കുന്ന വിവരവും പോലീസ് പങ്കുവെച്ചു. വീട്ടിലുണ്ടായിരുന്ന ആറ് പവൻ സ്വർണം സംഘം അപഹരിച്ചിരുന്നു. കൈകാലുകൾ കെട്ടിയിട്ട് കഴുത്തിൽ തുണി മുറുക്കിയാണ് വയോധികനെ കൊലപ്പെടുത്തിയത്. തെളിവ് നശിപ്പിക്കാനായി വീടിനുള്ളിൽ മുളകുപൊടി വിതറുകയും ചെയ്തു.
ശിവൻകുട്ടിയുടെ മകൾ ശ്രീകലയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഭാര്യ സരസ്വതി ഉൾപ്പെടെയുള്ളവർ വണ്ടാനം മെഡിക്കൽ കോളേജിലായിരുന്ന സമയത്താണ് കൃത്യം നടന്നത്. തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം വീട്ടുസാധനങ്ങളെല്ലാം വലിച്ചുവാരിയിടുകയും അലമാരകൾ കുത്തിത്തുറക്കുകയും ചെയ്തിരുന്നു. എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര, എസ്.പി ടി.കെ. വിഷ്ണുപ്രദീപ് എന്നിവർ സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകി. ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തിയിരുന്നു.










