വിദ്യാർത്ഥിക്ക് രക്ഷകനായ ഫുട്ബോൾ താരത്തെ എംഎൽഎ വീട്ടിലെത്തി അനുമോദിച്ചു.

തൃക്കരിപ്പൂർ: ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിനടുത്തുള്ള പഞ്ചായത്ത് അധീനതയിലുള്ള കുളത്തിൽ കുളിക്കാനെത്തിയ ഉദിനൂർ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഷാരോൺ എന്ന വിദ്യാർത്ഥി മുങ്ങിത്താഴ്ന്നപ്പോൾ അത്ഭുതകരമായി രക്ഷപ്പെടുത്തിയ പടന്ന ഹൈസ്കൂൾ ഗ്രൗണ്ടിന് മുൻവശം താമസിക്കുന്ന ഫുട്ബോൾ താരവും ഓട്ടോ ഡ്രൈവറുമായ കെ. ഷിജിത്തിനെ തേടി തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ വീട്ടിലെത്തി അനുമോദിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം ക്ഷേത്രദർശനത്തിന് എത്തിയതായിരുന്നു ഷിജിത്തും കുടുംബവും. ദർശനം കഴിഞ്ഞ് പോകുമ്പോൾ കരയിൽ ഉണ്ടായിരുന്ന കുട്ടികൾ അറിയിച്ചതിനെ തുടർന്ന് ഷിജിത്ത് കുളത്തിലേക്ക് എടുത്തുചാടുകയും തന്റെ ഷർട്ട് ഊരി അപകടത്തിൽപ്പെട്ട കുട്ടിക്ക് കൊടുത്തുകൊണ്ട് കരയിലേക്ക് വലിച്ച് കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. നീന്തൽ വശമില്ലാത്ത കുട്ടികളാണ് കൂടുതലായും ഈ കുളത്തിൽ കുളിക്കാൻ എത്തുന്നത്. മുൻപും സമാനമായ രീതിയിൽ കുട്ടികൾ അപകടത്തിൽ പെടുകയും ഒരു ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. വീട്ടുകാർ അറിയാതെയാണ് കുട്ടികൾ കുളത്തിൽ കുളിക്കാൻ എത്തുന്നത് ആശങ്ക നിലനിൽക്കുന്നതിനാൽ നിയന്ത്രണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
എംഎൽഎയോടൊപ്പം ഷിജിത്തിന് അനുമോദിക്കുന്നതിനായി കെ വി ജതീന്ദ്രൻ, വി വി അനിൽകുമാർ, ടി രദില, പി പവിത്രൻ , പി കെ താജുദ്ദീൻ, ഇ പി പ്രകാശൻ , ഇ രതീഷ് ,കെ ആയിഷ, നീലിമ, രജീഷ്, ടി നികേഷ് , ആരിഫ് സംബന്ധിച്ചു.







