കാനറികളുടെ ചിറകടിച്ചുയരൽ! സ്കോട്ട്‌ലൻഡിനെ മൂന്ന് ഗോളിന് തകർത്ത് ബ്രസീൽ നോക്കൗട്ടിൽ; നെയ്മർ ഈസ് ബാക്ക്!

Screenshot
മയാമി (ഫ്ലോറിഡ): മൊറോക്കോയ്‌ക്കെതിരായ ആദ്യ മത്സരത്തിലെ സമനിലയ്ക്ക് ശേഷം കടുത്ത സമ്മർദ്ദത്തിലായിരുന്ന ബ്രസീലിന് മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡയത്തിൽ സ്വപ്നതുല്യമായ തിരിച്ചുവരവ്. ഗ്രൂപ്പ് സിയിലെ തങ്ങളുടെ അവസാന മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് (3-0) തകർത്ത് ബ്രസീൽ ഗ്രൂപ്പ് ജേതാക്കളായി രാജകീയമായി നോക്കൗട്ടിലേക്ക് പ്രവേശിച്ചു. ഇരട്ട ഗോളുകളുമായി തിളങ്ങിയ വിനീഷ്യസ് ജൂനിയറും സൂപ്പർ താരം നെയ്മറുടെ പരിക്കുമാറിയുള്ള തിരിച്ചുവരവുമാണ് കാനറികൾക്ക് ഇരട്ടി മധുരം സമ്മാനിച്ചത്.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ പന്ത് കൈവശം വെച്ച് സ്കോട്ടിഷ് സംഘം ബ്രസീലിനെ വരിഞ്ഞുമുറുക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ ഏഴാം മിനിറ്റിൽ സ്കോട്ടിഷ് പ്രതിരോധ താരം സ്കോട്ട് മക്കെന്നയ്ക്ക് സംഭവിച്ച പിഴവ് കളിയുടെ ഗതി മാറ്റി. മക്കെന്നയിൽ നിന്ന് പന്ത് തട്ടിയെടുത്ത കൗമാര താരം റയാൻ അത് വിനീഷ്യസ് ജൂനിയറിന് കൈമാറുകയും, വിനീഷ്യസ് അനായാസം ഗോൾകീപ്പറെ കബളിപ്പിച്ചു വലകുലുക്കുകയും ചെയ്തു (1-0). പരിക്കേറ്റ റഫീന്യക്ക് പകരം കളത്തിലിറങ്ങിയ റയാൻ വിങ്ങുകളിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 22-ാം മിനിറ്റിൽ വിനീഷ്യസ് വീണ്ടും വലകുലുക്കിയെങ്കിലും വാർ (VAR) പരിശോധനയിൽ അത് ഫൗളാണെന്ന് കണ്ടെത്തി റദ്ദാക്കുകയായിരുന്നു.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ബ്രസീൽ തങ്ങളുടെ രണ്ടാം ഗോൾ കണ്ടെത്തി. ബ്രൂണോ ഗ്വിമറസ് ബോക്‌സിലേക്ക് നൽകിയ മനോഹരമായ ക്രോസ്സ് ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ വിനീഷ്യസ് ഗോളാക്കി മാറ്റുകയായിരുന്നു (2-0). ഇതോടെ ലോകകപ്പിലെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ഗോൾ നേടുന്ന അഞ്ചാമത്തെ ബ്രസീലിയൻ താരമെന്ന റെക്കോർഡ് വിനീഷ്യസ് സ്വന്തമാക്കി.
രണ്ടാം പകുതിയിൽ സ്കോട്ട്‌ലൻഡ് മക്ഗിന്നും മക്ടോമിനെയുമൊക്കെയായി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ബ്രസീൽ പ്രതിരോധം ഭേദിക്കാനായില്ല. 60-ാം മിനിറ്റിൽ സ്കോട്ടിഷ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ബ്രൂണോ ഗ്വിമാറസിന്റെ അസിസ്റ്റിൽ നിന്ന് മാത്യുസ് കുന്യ ബ്രസീലിന്റെ മൂന്നാം ഗോളും കുറിച്ചു (3-0). എന്നാൽ കളിയിലെ ഏറ്റവും വലിയ ആവേശം പിറന്നത് 76-ാം മിനിറ്റിലായിരുന്നു. ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ട് സൂപ്പർ താരം നെയ്മർ പകരക്കാരനായി കളത്തിലിറങ്ങി.
ഈ വിജയത്തോടെ ഗ്രൂപ്പ് സിയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 7 പോയിന്റോടെ ഗോൾ വ്യത്യാസത്തിൽ ബ്രസീൽ ഒന്നാം സ്ഥാനക്കാരായി. രണ്ടാമതുള്ള മൊറോക്കോയ്ക്കും 7 പോയിന്റാണുള്ളത്. 3 പോയിന്റുള്ള സ്കോട്ട്‌ലൻഡ് മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിൽ കയറാൻ ഇനി മറ്റ് ഗ്രൂപ്പുകളിലെ ഫലത്തിനായി കാത്തിരിക്കണം. നോക്കൗട്ടിൽ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ നെതർലൻഡ്‌സ്, ജപ്പാൻ അല്ലെങ്കിൽ സ്വീഡൻ ടീമുകളിലൊന്നാകും ബ്രസീലിന്റെ എതിരാളികൾ.










