വാഷിങ്ടണിൽ നാടകീയ നിമിഷങ്ങൾ; ന്യൂസീലൻഡിനെ തകർത്തെറിഞ്ഞ് ബെൽജിയം ഗ്രൂപ്പ് ചാമ്പ്യന്മാർ, ഇറാനോട് സമനില വഴങ്ങി ഈജിപ്ത്!

Screenshot
വാഷിങ്ടൺ: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി-യിലെ അവസാനഘട്ട മത്സരങ്ങൾ ഫുട്‌ബോൾ പ്രേമികൾക്ക് സമ്മാനിച്ചത് ആവേശം നിറഞ്ഞ നാടകീയ നിമിഷങ്ങൾ. ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ഈജിപ്തും ബെൽജിയവും തമ്മിൽ അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാടിയതിനൊടുവിൽ ബെൽജിയം ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലേക്ക് കടന്നു. ന്യൂസീലൻഡിനെ ഒന്നിനെതിരേ അഞ്ച് ഗോളുകൾക്ക് (5-1) തകർത്താണ് ബെൽജിയം ഗ്രൂപ്പ് തലപ്പത്തേക്ക് കുതിച്ചത്. ഇതേ ഗ്രൂപ്പിലെ മറ്റൊരു ആവേശപ്പോരാട്ടത്തിൽ ഇറാനെതിരേ ഈജിപ്ത് 1-1 ന് സമനിലയിൽ പിരിഞ്ഞതോടെ, അവർക്ക് രണ്ടാമതായി നോക്കൗട്ടിലേക്ക് കടക്കേണ്ടി വന്നു. ഈ മത്സരഫലങ്ങളോടെ ന്യൂസീലൻഡ് ടൂർണമെന്റിൽനിന്ന് പൂർണ്ണമായും പുറത്തായപ്പോൾ, ഇറാന്റെ നോക്കൗട്ട് പ്രതീക്ഷകൾ മറ്റ് ഗ്രൂപ്പുകളിലെ ഫലങ്ങളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
ബെൽജിയത്തിന്റെ ഗോൾ മഴ
തുടക്കം മുതൽ തന്നെ മത്സരത്തിൽ ആധിപത്യം പുലർത്തിയ ബെൽജിയത്തിനായി 28-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാർഡാണ് ആദ്യ ഗോൾ നേടിയത്. കെവിൻ ഡി ബ്രൂയ്നെ എടുത്ത കോർണർ കിക്ക് പ്രതിരോധിക്കുന്നതിൽ ന്യൂസീലൻഡ് വരുത്തിയ പിഴവാണ് ഗോളിൽ കലാശിച്ചത്. രണ്ടാം പകുതിയിൽ ബെൽജിയം പൂർണമായും കളി തങ്ങളുടെ കൈപ്പിടിയിലൊതുക്കി. ട്രൊസാർഡ് തന്റെ രണ്ടാം ഗോളും കണ്ടെത്തിയപ്പോൾ, സൂപ്പർ താരം കെവിൻ ഡി ബ്രൂയ്‌നെ, പകരക്കാരനായി ഇറങ്ങിയ റൊമേലു ലുക്കാക്കു, അലക്‌സിസ് സെയ്ൽമേക്കേഴ്‌സ് എന്നിവരും ബെൽജിയത്തിനായി വലകുലുക്കി. ഇതിനിടയിൽ എലിജാ ജസ്റ്റിലൂടെ ന്യൂസീലൻഡ് ഒരു ആശ്വാസ ഗോൾ മടക്കി.
ഈജിപ്തിനെ തളച്ച് ഇറാൻ
ഇറാൻ – ഈജിപ്ത് പോരാട്ടത്തിൽ ഇരുടീമും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. അഞ്ചാം മിനിറ്റിൽ സാബറിലൂടെ ഈജിപ്ത് ആദ്യം മുന്നിലെത്തി. സൂപ്പർ താരം മുഹമ്മദ് സലായുടെ ഷോട്ട് ഇറാൻ ഗോൾകീപ്പർ ബെയ്റാൻവന്ദ് തടുത്തെങ്കിലും റീബൗണ്ടിലൂടെ സാബർ പന്ത് വലയിലാക്കുകയായിരുന്നു. ഒൻപതാം മിനിറ്റിൽ ഇറാന് അനുകൂലമായി ലഭിച്ച പെനാൽറ്റി തടഞ്ഞ് ഈജിപ്ത് ഗോൾകീപ്പർ ഷൊബൈർ തിളങ്ങി (മെഹ്ദി തരിമിയാണ് കിക്കെടുത്തത്). എങ്കിലും 14-ാം മിനിറ്റിൽ റെസായ്യനിലൂടെ ഇറാൻ സമനില ഗോൾ കണ്ടെത്തി. കളി അവസാന നിമിഷങ്ങളിലേക്ക് കടക്കവെ ഇറാന്റെ ഖലീൽസാദെ നേടിയ ഗോൾ വാർ (VAR) പരിശോധനയിലൂടെ ഓഫ്സൈഡാണെന്ന് വിധിച്ചതോടെ ഈജിപ്ത് രക്ഷപ്പെടുകയായിരുന്നു.
മത്സരങ്ങൾ പുരോഗമിക്കുന്നതിനനുസരിച്ച് ലൈവ് പോയിന്റ് ടേബിളിൽ സ്ഥാനങ്ങൾ മാറിമറിഞ്ഞുകൊണ്ടിരുന്നു. ഒരു ഘട്ടത്തിൽ ന്യൂസീലൻഡ് ഗോൾ മടക്കിയതോടെ ഈജിപ്ത് ഒന്നാമതെത്തിയെങ്കിലും, തൊട്ടടുത്ത മിനിറ്റിൽ തന്നെ ലുക്കാക്കു ഗോൾ നേടിയതോടെ ബെൽജിയം ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. ഒടുവിൽ 5 പോയിന്റുമായി ബെൽജിയം ഒന്നാമതും, അത്രയും തന്നെ പോയിന്റുള്ള ഈജിപ്ത് ഗോൾ വ്യത്യാസത്തിൽ രണ്ടാമതുമായാണ് നോക്കൗട്ടിൽ എത്തിയത്.










