കണ്ണൂർ സിറ്റി പൊലീസ് ഡോഗ് സ്ക്വാഡ് അംഗമായിരുന്ന പൊലീസ് നായ ‘ചേതക്ക്’ വിടവാങ്ങി; ഔദ്യോഗിക ബഹുമതികളോടെ അന്ത്യാഞ്ജലി

Screenshot
കണ്ണൂർ: പത്തുവർഷത്തോളം കേരള പൊലീസിന് സ്തുത്യർഹമായ സേവനം നൽകിയ കണ്ണൂർ സിറ്റി പൊലീസ് ഡോഗ് സ്ക്വാഡിലെ സ്ഫോടകവസ്തു പരിശോധനാ വിഭാഗം പൊലീസ് നായ ‘ചേതക്ക്’ വിടവാങ്ങി. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സേന പ്രിയപ്പെട്ട വളർത്തുമൃഗത്തിന് അന്ത്യോപചാരം അർപ്പിച്ചത്.
മധ്യപ്രദേശിലെ ബി.എസ്.എഫ്. അക്കാഡമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ ചേതക്ക് 2017 മുതലാണ് കണ്ണൂർ സിറ്റി പൊലീസ് ഡോഗ് സ്ക്വാഡിൽ സേവനം ആരംഭിച്ചത്. സർവീസ് കാലാവധി പൂർത്തിയാക്കിയ ശേഷം ആറുമാസത്തേക്ക് സേവന കാലാവധി നീട്ടി നൽകിയിരുന്നെങ്കിലും, ഇതിനിടയിൽ കിഡ്നി സംബന്ധമായ അസുഖം ബാധിക്കുകയായിരുന്നു. ജില്ലാ മൃഗാശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി, കണ്ണൂർ സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ വി.വി. മനോജ്, കെ.എ.പി. 4 ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് എ. രാജീവൻ, കണ്ണൂർ സിറ്റി ഡി.എച്ച്.ക്യൂ. റിസർവ് ഇൻസ്പെക്ടർ പി.ആർ. ബിജു, എസ്.ഐ.മാരായ ജയ്സൺ ജോർജ്, പി.വി. ബാബുരാജ്, എസ്.സി.പി.ഒ. കെ. ഷീബു തുടങ്ങിയ ഉദ്യോഗസ്ഥർ ചേതക്കിന്റെ ഭൗതികശരീരത്തിൽ അന്ത്യോപചാരം അർപ്പിച്ചു.






