സംസ്ഥാന സീനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ്; നവംബർ 3 മുതൽ തലശ്ശേരിയിൽ, വിളംബര ജാഥ 30ന്

Screenshot
.
കണ്ണൂർ : 70-ാമത് സംസ്ഥാന സീനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിന് തലശ്ശേരി ഒരുങ്ങുന്നു. 19 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാന തല മത്സരത്തിന് തലശ്ശേരി ആഥിത്യമേകുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ 3 മുതൽ 8 വരെ നടക്കുന്ന മത്സരത്തിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള 28 പുരുഷ വനിതാ ടീമുകൾ മാറ്റുരക്കും. ദേശീയ, അന്തർദ്ദേശീയ തലങ്ങളിൽ മികവ് തെളിയിച്ച താരങ്ങൾ മിക്ക ടീമുകളിലും അണിനിരക്കും. ചാമ്പ്യൻഷിപ്പിൻ്റെ പ്രചരണാർത്ഥം ഒക്ടോബർ 30ന് ഉച്ചക്ക് 3.30ന് തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വിളംബര ജാഥ നടക്കും. കാരായി രാജൻ എം.എൽ.എ ജാഥ ഫ്ളാഗ് ഓഫ് ചെയ്യും.
ജാഥയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളിന് 10,000 രൂപ സമ്മാനം നൽകും. വരുന്ന തലമുറയെ കളിക്കളത്തിലേക്ക് ആകർഷിക്കാനും കൂടി ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി കൺവീനർ ഡോ. ജാസിം ഉസ്മാനും സെക്രട്ടറി ജസീം മാളിയേക്കലും പറഞ്ഞു. 28 ടീമുകളിലുള്ള മത്സരാർത്ഥികൾ, കോച്ച്, മാനേജർ, ഉൾപെടെയുള്ളവർക്ക് താമസ സൗകര്യം ഒരുക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞതായും ഏകദേശം 30 ലക്ഷത്തോളം രൂപ ചിലവ് വരുന്ന ചാമ്പ്യൻഷിപ്പ് മത്സര വേദിയിലേക്ക് ഫീസ് ഒഴിവാക്കിയാണ് പ്രവേശനം നൽക്കുന്നതെന്നും ഇരുവരും അറിയിച്ചു. പി.വി. സിറാജുദ്ദീൻ, ടി.സി.പി.എം സിറാജ്, ഡോ. റസീൽ, ജാബിർ മാളിയേക്കൽ, വി.ബി. ഇസ്ഹാഖ്, ഷുഹൈബ് എന്നി വരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.







