അൽവാരസും മാർട്ടിനസും തകർത്തു; സ്വിസ് കോട്ട തകർത്ത് അർജന്റീന സെമിയിൽ; എതിരാളികൾ ഇംഗ്ലണ്ട്!

Screenshot
കൻസാസ് സിറ്റി: എക്സ്ട്രാ ടൈമിലെ ഗോളുകൾ കൊണ്ട് സ്വിറ്റ്‌സർലൻഡിനെ തകർത്ത് അർജന്റീന ലോകകപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരുടെ വിജയം. സെമിഫൈനലിൽ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളികൾ.
മത്സരത്തിന്റെ 10-ാം മിനിറ്റിൽ ലയണൽ മെസ്സിയുടെ കോർണർ കിക്കിൽ നിന്ന് അലക്സിസ് മാക് അലിസ്റ്റർ ഹെഡറിലൂടെ അർജന്റീനയെ മുന്നിലെത്തിച്ചു. ഈ ലോകകപ്പിലെ അർജന്റീനയുടെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു ഇത്. 67-ാം മിനിറ്റിൽ ഡാൻ എൻഡോയ് സ്വിറ്റ്‌സർലൻഡിനായി സമനില ഗോൾ നേടി. തൊട്ടുപിന്നാലെ 72-ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് ബ്രയൽ എംബോലോ പുറത്തായതോടെ സ്വിറ്റ്‌സർലൻഡ് 10 പേരായി ചുരുങ്ങി.
നിശ്ചിത സമയത്ത് സമനില തുടർന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. 112-ാം മിനിറ്റിൽ യൂലിയൻ അൽവാരസ് ലോങ് റേഞ്ച് ഷോട്ടിലൂടെ അർജന്റീനയെ വീണ്ടും മുന്നിലെത്തിച്ചു. പിന്നീട് എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷത്തിൽ (121-ാം മിനിറ്റ്) ലൗറ്റാരോ മാർട്ടിനസ് കൂടെ ഗോൾ നേടിയതോടെ അർജന്റീന ജയം ഉറപ്പിച്ചു. തുടർച്ചയായ 10 മത്സരങ്ങൾക്ക് ശേഷം മെസ്സിക്ക് ഈ കളിയിൽ ഗോൾ നേടാനായില്ല എന്നത് ശ്രദ്ധേയമായി.










