വി.ഡി. സതീശൻ കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രി; 21 അംഗ യു.ഡി.എഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Screenshot
തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രിക്ക് പുറമെ 20 മന്ത്രിമാരും ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു. പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി. ജോൺ, അനൂപ് ജേക്കബ്, എ.പി. അനിൽകുമാർ, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, എം. ലിജു, ടി. സിദ്ദിഖ്, റോജി എം. ജോൺ, ഒ.ജെ. ജനീഷ്, കെ.എ. തുളസി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് പുതിയ മന്ത്രിമാർ.
ദേശീയ നേതാക്കളുടെയും പ്രമുഖരുടെയും സാന്നിധ്യം
സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ദേശീയ തലത്തിൽ നിന്നുള്ള പ്രമുഖ നേതാക്കളുടെ നീണ്ട നിര തന്നെ തലസ്ഥാനത്തെത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കൂടാതെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിവിധ സാമുദായിക-മത മേലധ്യക്ഷന്മാർ, സാംസ്കാരിക നായകർ തുടങ്ങിയവരും പുതിയ സർക്കാരിന് ആശംസകളർപ്പിക്കാൻ ചടങ്ങിനെത്തിയിരുന്നു.










