വൻതോൽവിയോടെ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്ത്; ഗുജറാത്തും ബെംഗളൂരുവും ക്വാളിഫെയർ വണ്ണിൽ

Screenshot
അഹമ്മദാബാദ്: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന് ദയനീയ പരാജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് 89 റൺസിനാണ് ചെന്നൈയെ തകർത്തത്. ഈ തോൽവിയോടെ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായി. ജയത്തോടെ ഗുജറാത്ത് ടൈറ്റൻസും പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ക്വാളിഫെയർ വണ്ണിലേക്ക് മുന്നേറി.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 229 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ പോരാട്ടം 13.4 ഓവറിൽ വെറും 140 റൺസിൽ അവസാനിച്ചു. തോൽവിയോടെ ചെന്നൈ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തായി.
മുന്നേറി ഗുജറാത്തും ബെംഗളൂരുവും
ബെംഗളൂരുവിനും ഗുജറാത്തിനും നിലവിൽ 18 പോയിന്റ് വീതമാണുള്ളത്. മികച്ച റൺറേറ്റുള്ളതിനാലാണ് ഇരു ടീമുകൾക്കും ക്വാളിഫെയർ വൺ ഉറപ്പാക്കാൻ കഴിഞ്ഞത്. മൂന്നാം സ്ഥാനത്തുള്ള ഹൈദരാബാദിന് അടുത്ത മത്സരത്തിൽ ജയിച്ചാൽ പോയിന്റ് നിലയിൽ ഒപ്പമെത്താമെങ്കിലും റൺറേറ്റിൽ ഈ രണ്ട് ടീമുകളെയും മറികടക്കാൻ കഴിയില്ല.
തകർപ്പൻ ബാറ്റിങ്ങും ബൗളിങ്ങും
ഓപ്പണർമാരായ സായ് സുദർശനും ശുഭ്മൻ ഗില്ലും ഫോമിലേക്കുയർന്നതാണ് ഗുജറാത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. സായ് സുദർശൻ 53 പന്തിൽ 84 റൺസെടുത്ത് ടോപ് സ്കോററായപ്പോൾ, ഗിൽ 37 പന്തിൽ 64 റൺസെടുത്തു. ജോസ് ബട്‌ലറും (27 പന്തിൽ 57) അർധസെഞ്ചുറി നേടി.
ചെന്നൈ നിരയിൽ 17 പന്തിൽ 47 റൺസെടുത്ത ശിവം ദുബെ മാത്രമാണ് തിളങ്ങിയത്. സഞ്ജു സാംസൺ (0), മാത്യു ഷോർട്ട് (24), ഋതുരാജ് ഗെയ്ക്‌വാദ് (16), ഉർവിൽ പട്ടേൽ (0), കാർത്തിക് ശർമ (19) എന്നിവർ വേഗത്തിൽ മടങ്ങി. ഗുജറാത്തിനായി മുഹമ്മദ് സിറാജ്, കാഗീസോ റബാഡ, റാഷിദ് ഖാൻ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.
നാണക്കേടിന്റെ റെക്കോർഡുമായി അൻഷുൽ കാംബോജ്
ഐ.പി.എല്ലിന്റെ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്‌സ് വഴങ്ങുന്ന ബൗളർ എന്ന നാണക്കേട് ചെന്നൈയുടെ അൻഷുൽ കാംബോജിന്റെ പേരിലായി. ഈ സീസണിൽ 34 സിക്‌സുകളാണ് താരം വഴങ്ങിയത്.










