ഇരിട്ടിയിൽ എക്സൈസിനെ വെട്ടിച്ച് കടന്ന കാർ പിന്തുടർന്ന് പിടികൂടി; കാറിൽ നിന്ന് വലിച്ചെറിഞ്ഞ പൊതിക്കായി മണിക്കൂറുകളോളം തിരച്ചിൽ

Screenshot
ഇരിട്ടി: കൂട്ടുപുഴയിൽ പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ എക്സൈസ് സംഘം അതിസാഹസികമായി പിന്തുടർന്ന് പിടികൂടി. കർണാടകയിൽനിന്ന് കേരളത്തിലേക്ക് വന്ന വാഹനമാണ് ഉദ്യോഗസ്ഥർ കൈകാണിച്ചിട്ടും നിർത്താതെ മുന്നോട്ടുപോയത്. തുടർന്ന് എക്സൈസ് സംഘം കാറിനെ പിന്തുടരുകയും കിലോമീറ്ററുകൾ പിന്നിട്ട് ഇരിട്ടി കല്ലുംമുട്ടിയിലെ ഫോറസ്റ്റ് ഓഫീസിന് സമീപത്തുനിന്ന് വാഹനം തടയുകയുമായിരുന്നു.
എക്സൈസിനെ വെട്ടിച്ച് ഓടുന്നതിനിടെ കാറിൽനിന്ന് റോഡരികിലേക്ക് ഒരു പൊതി പോലുള്ള സാധനം വലിച്ചെറിഞ്ഞതായി പിന്നാലെ വന്ന യാത്രക്കാർ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസും പോലീസും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂറോളം റോഡരികിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അമിതവേഗതയിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും ഡ്രൈവർ മദ്യപിച്ചതിനാലും കാറിലുണ്ടായിരുന്ന കർണാടക സ്വദേശികൾക്കെതിരെ ഇരിട്ടി പോലീസ് കേസെടുത്തു.







