കണ്ണൂർ എഡിഎം കെ. നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ

Screenshot
കണ്ണൂർ: എഡിഎം ആയിരുന്ന കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നവീൻ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ നിർണായക നീക്കം. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
അതേസമയം, കേസിൽ അന്വേഷണ സംഘം തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കുറ്റപത്രത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ കോടതി കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. മഞ്ജുഷയുടെ പുതിയ മൊഴിയും പുതിയ പരാതികളുടെ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേസിലെ ഏക പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ഔദ്യോഗിക ഫോണിൽ നിന്ന് ജില്ലാ കളക്ടറുമായി നടത്തിയ ആശയവിനിമയത്തിന്റെ വിവരങ്ങളും തുടരന്വേഷണത്തിൽ പരിശോധിച്ചിട്ടുണ്ട്. ദിവ്യയുടെ ഔദ്യോഗിക ഫോൺ രേഖകൾ, ടി.വി. പ്രശാന്തന്റെ സ്വർണപ്പണയ ഇടപാടിന്റെ രേഖകൾ, സി.സി.ടി.വി ദൃശ്യങ്ങളുടെ പൂർണരൂപം, വിജിലൻസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ എന്നീ നാല് പ്രധാന കാര്യങ്ങളിലാണ് കോടതി വ്യക്തത തേടിയിരുന്നത്. രേഖാമൂലമുള്ള വിശദീകരണങ്ങളും അനുബന്ധ രേഖകളും ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് കോടതി ഔദ്യോഗികമായി പരിഗണിക്കുന്നതോടെ കേസിൽ വിചാരണ നടപടികളിലേക്ക് കടക്കും.







