ഐപിഎല്ലിൽ വീണ്ടും ആർ.സി.ബി രാജാക്കന്മാർ; ഫൈനലിൽ ഗുജറാത്തിനെ തകർത്ത് തുടർച്ചയായ രണ്ടാം കിരീടം

Screenshot
അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം തവണയും കിരീടം ചൂടി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB). അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആർ.സി.ബി കിരീടം നിലനിർത്തിയത്. ഗുജറാത്ത് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 18 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബെംഗളൂരു മറികടന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ആർ.സി.ബിക്ക് വേണ്ടി 42 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സുമടക്കം 75 റൺസുമായി പുറത്താവാതെ നിന്ന സൂപ്പർ താരം വിരാട് കോലിയാണ് വിജയമൊരുക്കിയത്. കോലിക്ക് പുറമെ വെങ്കടേഷ് അയ്യർ (15 പന്തിൽ 32), ടിം ഡേവിഡ് (17 പന്തിൽ 24) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ദേവ്ദത്ത് പടിക്കൽ (1), രജത് പടിധാർ (15), ക്രുനാൽ പാണ്ഡ്യ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ജിതേഷ് ശർമ (11) കോലിക്കൊപ്പം പുറത്താവാതെ നിന്നു. ഗുജറാത്തിന് വേണ്ടി റാഷിദ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ സാധിച്ചുള്ളൂ. 37 പന്തിൽ 50 റൺസെടുത്ത വാഷിംഗ്ടൺ സുന്ദർ മാത്രമാണ് ഗുജറാത്ത് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനും (10) സായ് സുദർശനും (12) തിളങ്ങാനായില്ല. നിശാന്ത് സിന്ധു (20), ജോസ് ബട്‌ലർ (19), അർഷദ് ഖാൻ (15), രാഹുൽ തെവാട്ടിയ (7), ജേസൺ ഹോൾഡർ (7), റാഷിദ് ഖാൻ (7) എന്നിങ്ങനെയാണ് മറ്റ് ഗുജറാത്ത് ബാറ്റർമാരുടെ സ്കോറുകൾ. ആർ.സി.ബിക്കായി റാസിക് സലാം ദർ മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.










