പയ്യന്നൂർ കോളജിൽ വിജിലൻസ് റെയ്ഡ് രേഖകൾ കണ്ടെത്തി

പയ്യന്നൂർ:പയ്യന്നൂർ എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള പയ്യന്നൂർ കോളേജിൽ കണ്ണൂരിൽ നിന്നെത്തിയ വിജിലൻസ് സംഘം റെയ്ഡ് നടത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷം വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തി ൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് റെയ്ഡ് നടത്തിയത്. കോളേജിലെ ഹോസ്റ്റലുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തികക്രമക്കേട് സംബന്ധിച്ച് വിജിലൻസ് ഇൻ്റലിജൻസിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു മണിക്കൂറുകളോളം നീണ്ടറെയ്ഡ് നടന്നത്. ഹോസ്റ്റലിൽ സാധനങ്ങൾ വാങ്ങിയതിലും മറ്റുമായുണ്ടായ വില നിലവാരത്തിൽ വൻതുക കൂടുതൽ കാണിച്ച് പണം തട്ടിയതായും വിപണിയിൽ നിന്നും കിലോയ്ക്ക്150 രൂപയ്ക്ക് വാങ്ങിയ ചിക്കന് പോലും ഇരുന്നൂറിലധികം രൂപ കണക്കിൽ കാണിക്കുകയും മറ്റു ചെലവിനങ്ങളിൽ വൻ തുകയുടെ ക്രമകേട് നടന്നതായും വിജിലൻസ് സംഘത്തിനും ബോധ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് ചില നിർണ്ണായക രേഖകൾ സംഘം കണ്ടെത്തി പിടിച്ചെടുത്തിട്ടുണ്ട്. കോളേജ്
ഓഫീസിലും ഹോസ്റ്റലിലും സംഘം പരിശോധനനടത്തി.
നേരത്തെ ഹോസ്റ്റൽകാര്യങ്ങളിൽനടന്ന സാമ്പത്തിക ക്രമക്കേടുകൾ കണ്ടുപിടിച്ചതിൻ്റെ അടിസ്ഥാനത്തിൽ കോളേജ് ഹോസ്റ്റൽ മേട്രണെ പുറത്താക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ വിദ്യാർത്ഥികൾ സമരരംഗത്തെത്തിയിരുന്നു. വർഷങ്ങളായിഹോസ്റ്റൽ വാർഡൻ്റെ ചുമതലയുണ്ടായിരുന്ന ഡോ. പ്രജിതയെ കോളേജ് മാനേജൻ്റ് തൽസ്ഥാനത്ത് നിന്നുംനീക്കുകയും ചെയ്തിരുന്നു
വിജിലൻസ് ഇൻ്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽഡിവൈ. എസ്.പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിൽ എസ്ഐയും എ.എസ് ഐ മാരും ഉൾപ്പെടെയുള്ള ആറംഗ സംഘമാണ് റെയ്ഡിനെത്തിയത്. കോളേജിൽ നിന്നും കണ്ടെത്തിയ രേഖകൾ വിജിലൻസ് സംഘം കൊണ്ടുപോയി. കോളേജിലെ ഉന്നതർ ഉൾപ്പെടെയുള്ളവർക്കു ഹോസ്റ്റലിലെ സാമ്പത്തിക ക്രമകേടിൽ ബന്ധമുള്ളതായി വിജിലൻസ് സംഘം സൂചന നൽകി.







