ലോക അൽഷിമേഴ്സ് ദിനാചരണം: കണ്ണൂരിൽ അവബോധ പരിപാടിയും പൊതുയോഗവും സംഘടിപ്പിച്ചു

Screenshot
കണ്ണൂർ: ലോക അൽഷിമേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ഡിമെൻഷ്യ കെയർ സൊസൈറ്റി (കെ.ഡി.സി.എസ്), റോട്ടറി കണ്ണൂർ സീസൈഡ്, ബി.എം.എച്ച് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അവബോധ പരിപാടിയും പൊതുയോഗവും സംഘടിപ്പിച്ചു. കണ്ണൂർ ഐ.എം.എ. ഹാളിൽ നടന്ന പരിപാടി വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
കെ.ഡി.സി.എസ്. പ്രസിഡന്റ് എൻ.ഇ. പ്രിയദർശിനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ ഡോ. പി.സി. അശോകൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ബി.എം.എച്ച്. സി.ഇ.ഒ. നിബു മുണ്ടയാട്ട്, റോട്ടറി കണ്ണൂർ സീസൈഡ് പ്രസിഡന്റ് ആർ.ടി.എൻ. പ്രമോദ് കുമാർ, ഓൺകെയർ കണ്ണൂരിലെ പ്രിവന്റീവ് ഓങ്കോളജി സ്പെഷ്യലിസ്റ്റ് ഡോ. ദിവ്യ ടി.എൻ. എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് “മനസ്സും മറവിയും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ക്ലാസിലും ചർച്ചയിലും ചൈതന്യ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ. രാഹുൽ ടി., ബി.എം.എച്ച്. കണ്ണൂരിലെ ന്യൂറോളജി കൺസൾട്ടന്റ് ഡോ. ജിൻസി മെറിൻ ജോയ് എന്നിവർ വിഷയാവതരണം നടത്തി. അൽഷിമേഴ്സ് രോഗത്തിന്റെ ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, പരിചരണ രീതികൾ എന്നിവയെക്കുറിച്ച് വിദഗ്ധർ വിശദീകരിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾ പങ്കെടുത്ത പരിപാടി, രോഗത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ വ്യാപിപ്പിക്കുന്നതിൽ ഏറെ ശ്രദ്ധേയമായി.







