കടമ്പൂർ ഈസ്റ്റ് യു.പി. സ്കൂൾ (കെ.ഇ.യു.പി) ശതാബ്ദി നിറവിലേക്ക്; സംഘാടക സമിതി രൂപീകരണ യോഗം നാളെ.

എടക്കാട്: നിരവധി തലമുറകൾക്ക് അറിവിന്റെയും തിരിച്ചറിവിന്റെയും ആദ്യപാഠങ്ങൾ പകർന്നു നൽകിയ മാതൃവിദ്യാലയമായ എടക്കാട് ടൗണിലെ കടമ്പൂർ ഈസ്റ്റ് യു.പി (കെ.ഇ.യു.പി) സ്കൂൾ 100 വയസ്സിന്റെ നിറവിലേക്ക്.
എം.എൽ.എ, ഡോക്ടർമാർ, എഞ്ചിനീയർമാർ, അഭിഭാഷകർ, മാധ്യമ പ്രവർത്തകർ, പ്രൊഫസർമാർ, ഐ.ടി പ്രൊഫഷണലുകൾ, അധ്യാപകർ,വ്യവസായ പ്രമുഖർ, രാഷ്ട്രീയ- സാമൂഹ്യ-കലാ രംഗത്തെ പ്രമുഖർ തുടങ്ങിയ ബഹുമുഖ പ്രതിഭകളടക്കം ആയിരക്കണക്കിന് വിദ്യാസമ്പന്നരെ സംഭാവന ചെയ്ത ഈ വിദ്യാലയം 1926 ലാണ് സ്ഥാപിതമായത്. ഇപ്പോഴും കുട്ടികളുടെ എണ്ണക്കൂടുതൽ കൊണ്ടും പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികവു കൊണ്ടും ഉപജില്ലയിലെ മുൻനിര സ്കൂളുകളിലൊന്നായി വിരാജിക്കുന്നു.
സ്കൂളിന്റെ ശതവാർഷികം ശ്രദ്ധേയമായ വ്യത്യസ്ത പരിപാടികളോടെ ആഘോഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട്, സംഘാടക സമിതി യോഗം നാളെ (ഞായറാഴ്ച) രാവിലെ 10.30 ന് സ്കൂൾ ഹാളിൽ ചേരും. കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശൻ ഉദ്ഘാടനം ചെയ്യും. വിവിധ സമുന്നത വ്യക്തികൾ സംബന്ധിക്കും. യോഗത്തിൽ സ്കൂൾ പൂർവവിദ്യാർത്ഥികളും അഭ്യുദയ കാംക്ഷികളും രക്ഷിതാക്കളും
സംബന്ധിക്കണമെന്ന് ഹെഡ്മിസ്ട്രസ്, പി.ടി.എ പ്രസിഡന്റ്, അലുംനി അസോസിയേഷൻ പ്രസിഡന്റ് എന്നിവർ അഭ്യർത്ഥിച്ചു.







