മഴക്കെടുതിയിൽ ജനം പകച്ച് നിൽക്കുന്നു; മുൻകരുതൽ എടുക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റി- പ്രതിപക്ഷ നേതാവ്

കണ്ണൂർ: മഴക്കെടുതിമൂലം വലിയ പ്രതിസന്ധിയാണ് സംസ്ഥാനത്ത് ഉണ്ടായതെന്നും മുൻകരുതൽ എടുക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഇതുരവെ മഴക്കെടുതിയിൽ 26 പേർ മരിച്ചു. ദുരന്തമുഖത്ത് പകച്ചുനിൽക്കുന്ന ജനങ്ങളെ ചേർത്തുപിടിക്കാൻ കേരളം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. എന്നാൽ അതേസമയം, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പല വീഴ്‌ചകളും ചൂണ്ടിക്കാണിക്കാതിരിക്കാൻ കഴിയില്ല. കണ്ണൂർ ജില്ലയിലെ ചെറുപുഴ, പേരാവൂർ മേഖലകളിൽ വലിയ നാശനഷ്‌ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ചെറുപുഴ ജോസ് ഗിരിയിൽ ഉരുൾപ്പൊട്ടിയുണ്ടായ റോഡുതടസ്സം ഒരാഴ്ച കഴിഞ്ഞിട്ടും നീക്കാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല എന്നത് തികഞ്ഞ അനാസ്ഥയാണ്.പുഴയിൽ കാണാതായവരെ കണ്ടെത്തുന്നതിലും വലിയ താമസം നേരിട്ടു.
നൂറ്റാണ്ടിലെ പ്രളയം എന്ന് വിശേഷിപ്പിക്കപ്പെട്ട 2018ലെയും 2019ലെയും മഹാപ്രളയങ്ങളുടെയും അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. മുൻ അനുഭവങ്ങൾ ഇല്ലാഞ്ഞിട്ടും ആ സമയത്ത് കെടുതികൾ കുറച്ച് നാം പ്രളയത്തെ അതിജീവിച്ചു. പക്ഷെ, കാലാവസ്ഥാ മുന്നറിയിപ്പുകൾ വിലയിരുത്തുന്നതിലും മുൻകരുതലുകൾ എടുക്കുന്നതിനും ഭരണസംവിധാനങ്ങൾക്ക് വേണ്ടത്ര ജാഗ്രത ഉണ്ടായില്ല. ഇപ്പോഴത്തെ കെടുതികൾക്ക് കാരണമായ ജൂലൈ 31ലെ അതിതീവ്രമഴ ആരംഭിച്ച ഘട്ടത്തിൽ ആവശ്യമായ മുന്നറിയിപ്പോ, മുൻകരുതലുകളോ ഉണ്ടായില്ല. വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ ഉണ്ടായ ദുരന്തം ഈ അനാസ്ഥയുടെ മറ്റൊരു ഉദാഹരണമാണ്. അതിതീവ്രമഴ പ്രവചിച്ചിട്ടും ചട്ടപ്രകാരമുള്ള റെഡ് അലർട്ട് സമയബന്ധിതമായി പ്രഖ്യാപിച്ചില്ല.
മഴ പെയ്ത ശേഷമാണ് അലർട്ടുകൾ വന്നത്. മണ്ണിടിച്ചിൽ ഉണ്ടാവും എന്ന മുന്നറിയിപ്പുകൾ ലഭിച്ചിട്ടും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാതെ പോയെന്നും അദ്ദേഹം പറഞ്ഞു.







