ദമ്പതികൾക്ക് വെട്ടേറ്റു മരുമകനെതിരെ വധശ്രമത്തിനു കേസ്

Screenshot
പെരിങ്ങോം: വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി കത്തി കൊണ്ട് അമ്മാവനെയും ഭാര്യയേയും വെട്ടി പരിക്കേൽപ്പിച്ചു പരാതിയിൽ മരുമകനെതിരെ വധശ്രമത്തിനു പെരിങ്ങോം പോലീസ് കേസെടുത്തു. കുറ്റൂർ നെല്ലിയാട് സ്വദേശി കെ. ശ്യാമളൻ (57), ഭാര്യ പി.ഷീജ (47) എന്നിവർക്കാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ ഇവരെ പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നപി. ഷീജയുടെ പരാതിയിൽ ഭർത്താവിൻ്റെ മരുമകൻ കുറ്റൂർ നെല്ലിയാട് സ്വദേശി കെ ഗിരീഷിനെ(48)തിരെ പെരിങ്ങോം പോലീസ് വധശ്രമത്തിനുകേസെടുത്തു.
ഇന്നലെ രാത്രി 7 മണിക്ക് നെല്ലിയാട്ടെ വീട്ടുമുറ്റത്ത് വെച്ചാണ് സംഭവം. പ്രതിയുടെ അമ്മ പരാതിക്കാരിയുടെ വീട്ടിൽ നിന്നും പ്രതിയുടെ വീട്ടിലേക്ക് താമസിക്കാൻ പോകാത്തതിലുള്ള വിരോധത്തിൽ മാരകായുധമായ വയക്കത്തിയുമായി അതിക്രമിച്ചുകയറി ഭർത്താവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കഴുത്തിനും കൈക്കും വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയും തടയാൻ ശ്രമിച്ച പരാതിക്കാരിയുടെ കയ്യിൽ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്. അക്രമത്തിനിടെ പരിക്കേറ്റ പ്രതി ഗിരീഷിനെ പെരിങ്ങോം പോലീസ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.







