റാഗ്നിക്കിന്റെ തന്ത്രങ്ങളെ പൊളിച്ച് മെസ്സി മാജിക്; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടിൽ, മെസ്സിക്ക് ലോകറെക്കോർഡ്!

Screenshot
മത്സരം ആരംഭിച്ചത് മുതൽ പന്ത് കൈവശം വെച്ച് ആധിപത്യമുറപ്പിക്കാനാണ് സ്‌കലോണിയുടെ അർജന്റീന ശ്രമിച്ചത്. 4-1-3-2 ഫോർമേഷനിൽ മെസ്സിയെയും ലൗട്ടാറോ മാർട്ടിനസിനെയും മുന്നേറ്റനിരയിലിറക്കിയാണ് അവർ കളിച്ചത്. എന്നാൽ റാൾഫ് റാഗ്നിക്കിന്റെ ഓസ്ട്രിയ ശക്തമായ ഹൈപ്രസ്സിങ് ഗെയിം പുറത്തെടുത്തതോടെ അർജന്റീനയുടെ മുന്നേറ്റങ്ങളുടെ മുനയൊടിയുകയും ഓസ്ട്രിയൻ കൗണ്ടർ അറ്റാക്കുകളെ പ്രതിരോധിക്കേണ്ട സ്ഥിതി വരികയും ചെയ്തു.
ഒൻപതാം മിനിറ്റിൽ ലൗട്ടാറോ മാർട്ടിനസിനെ രണ്ട് ഓസ്ട്രിയൻ ഡിഫൻഡർമാർ വീഴ്ത്തിയതിന് വാർ പരിശോധനയിലൂടെ അർജന്റീനയ്ക്ക് പെനാൽറ്റി ലഭിച്ചെങ്കിലും മെസ്സി അത് പാഴാക്കി. ലോകകപ്പിൽ ഇത് മൂന്നാം തവണയാണ് (2018 ൽ ഐസ്‌ലൻഡിനെതിരേയും 2022 ൽ പോളണ്ടിനെതിരേയും) മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തുന്നത്. പെനാൽറ്റി ഷൂട്ടൗട്ടുകൾ ഒഴിച്ചുനിർത്തിയാൽ 1966 ന് ശേഷം ലോകപ്പിൽ ഏറ്റവും കൂടുതൽ പെനാൽറ്റി നഷ്ടപ്പെടുത്തുന്ന താരമാണ് മെസ്സി. കരിയറിലെ 33-ാമത്തെയും അർജന്റീനയ്ക്കായുള്ള ഏഴാമത്തെയും പെനാൽറ്റി മിസ്സാണിത്.
എന്നാൽ ആദ്യപകുതിയുടെ അവസാനം മെസ്സി തകർപ്പൻ ഗോളിലൂടെ ഇതിന് പ്രായശ്ചിത്തം ചെയ്തു. ഫക്കുണ്ടോ മെദിനയുടെ ക്രോസ്സിൽ അൽമാഡ ഡമ്മി ചെയ്ത പന്ത് സ്വീകരിച്ച് മെസ്സി ഗോളടിക്കുകയായിരുന്നു. ഇതോടെ 17 ഗോളുകളോടെ ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ മിറാസ്ലാവ് ക്ലോസെയെ മെസ്സി മറികടന്നു. അൾജീരിയക്കെതിരേ ഹാട്രിക് നേടിയതോടെയാണ് മെസ്സി 16 ഗോളിലെത്തിയത്. 15 ഗോളുകളുള്ള ബ്രസീലിയൻ താരം റൊണാൾഡോയാണ് ഗോൾവേട്ടക്കാരുടെ പട്ടികയിൽ മൂന്നാമത്. ജൂൺ 24 ന് വരുന്ന തന്റെ 39-ാം പിറന്നാളിന് മുന്നേ മെസ്സി ആഘോഷം തുടങ്ങുന്ന കാഴ്ചയാണ് കണ്ടത്.
കളി പുരോഗമിക്കും തോറും പരുക്കനായി മാറുന്ന കാഴ്ചയും കണ്ടു. സാബിറ്റ്‌സറും പോൾ വാന്നറും അർജന്റീന ഗോൾമുഖത്ത് ഭീഷണി ഉയർത്തി. സാബിറ്റ്‌സറുടെ ഫ്രീകിക്ക് ഗോൾകീപ്പർ മാർട്ടിനസ് തട്ടിയകറ്റി. ക്രിസ്റ്റ്യൻ റൊമേറോയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ഒട്ടാമെൻഡിയും, പിന്നീട് ജൂലിയൻ അൽവാരസും നിക്കോ ഗോൺസാലസും പകരക്കാരായി ഇറങ്ങി. അവസാന മിനിറ്റുകളിൽ മൈതാനമധ്യത്ത് രണ്ട് പ്രതിരോധനിരക്കാരെ മാത്രം നിർത്തി ഓസ്ട്രിയ ആക്രമിച്ച് കളിച്ചെങ്കിലും, അർജന്റീന ഹൈപ്രസ്സിങ് പുറത്തെടുത്ത് നടത്തിയ ഉഗ്രൻ കൗണ്ടർ അറ്റാക്കിലൂടെ മെസ്സി തന്റെ രണ്ടാമത്തെ ഗോൾ നേടി. ഇതോടെ മെസ്സിയുടെ ആകെ ലോകകപ്പ് ഗോളുകൾ 18 ആവുകയും അർജന്റീന നോക്കൗട്ടിൽ പ്രവേശിക്കുകയും ചെയ്തു.










