ആറളം വന്യജീവി സങ്കേതത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

Screenshot
ഇരിട്ടി: ആറളം ശലഭ സങ്കേതത്തിൽ പൂക്കുണ്ട് വനാതിർത്തിയോട് ചേർന്നൊഴുകുന്ന ചീങ്കണ്ണിപ്പുഴയുടെ തുരുത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം പതിനഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്.
ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ എന്നിവരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ. എസ്. ശ്യാം, ഡോ. സി. അരുൺ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ജഡം സംസ്കരിച്ചു.
രോഗബാധയെ തുടർന്നാകാം ആന ചരിഞ്ഞതെന്നാണ് പരിശോധനയിലെ പ്രാഥമിക നിഗമനം. ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ലാബ് പരിശോധനാ ഫലം ലഭ്യമായാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തമായ സ്ഥിരീകരണമുണ്ടാകൂ എന്ന് ഡോക്ടർമാർ അറിയിച്ചു.







