ഇരിട്ടി പഴയ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിനെ രക്ഷപ്പെടുത്തി

ഇരിട്ടി: ഇരിട്ടി പഴയ പാലത്തിൽ നിന്നും ആളുകൾ നോക്കിനിൽക്കെ പുഴയിലേക്ക് എടുത്തു ചാടിയ യുവാവിനെ അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. കോളിക്കടവ് സ്വദേശിയായ യുവാവാണ് തിങ്കളാഴ്ച വൈകുന്നേരം 6.30-ഓടെ പുഴയിലേക്ക് ചാടിയത്.
പുഴയിൽ വെള്ളം കുറവായതിനാൽ വീണയുടനെ ഇയാൾ മുന്നൂറ് മീറ്ററോളം നീന്തി പുഴയിൽ പൊന്തിനിന്ന കരിങ്കൽ പാറയിൽ പിടിച്ചു നിൽക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇരിട്ടി ഫയർഫോഴ്സും പോലീസും ഉടൻ സ്ഥലത്തെത്തി.
അഗ്നിശമനസേനാംഗങ്ങളായ ഷിജോ, അഞ്ജിത്ത്, സൂരജ്, ഷാനിഫ്, അനീഷ് മാത്യു എന്നിവർ ചേർന്ന് യുവാവിനെ കരക്കെത്തിച്ച് പോലീസിന് കൈമാറി. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന് കാര്യമായ പരിക്കുകളൊന്നും ഇല്ലെന്ന് പോലീസ് അറിയിച്ചു.







