ലോകകപ്പിൽ ട്യുണീഷ്യയെ തകർത്തെറിഞ്ഞ് ജപ്പാൻ; നാല് ഗോളുകൾക്ക് ജയം

Screenshot
മെക്സിക്കോ സിറ്റി: 2026 ലോകകപ്പിൽ ട്യുണീഷ്യയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് ജപ്പാൻ തങ്ങളുടെ കരുത്തറിയിച്ചു. തുടക്കം മുതൽ ഒടുക്കം വരെ പന്തടക്കത്തിലും വേഗത്തിലും ജപ്പാൻ കാട്ടിയ ആധിപത്യത്തിന് മുന്നിൽ ട്യുണീഷ്യൻ പ്രതിരോധം പൂർണ്ണമായി തകർന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടി മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ജപ്പാൻ, രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി സ്കോർ ചെയ്താണ് വിജയം പൂർത്തിയാക്കിയത്.
മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ ജപ്പാൻ ലീഡെടുത്തു. ഇടതുവിങ്ങിലൂടെ മുന്നേറിയ നകാമുറ നൽകിയ ക്രോസ് ഡെയ്ച്ചി കാമഡ വലയിലാക്കി. 31-ാം മിനിറ്റിൽ ഫെയ്നൂർഡ് സ്‌ട്രൈക്കർ അയസെ ഉവേദ ജപ്പാന്റെ രണ്ടാം ഗോൾ നേടി. ട്യുണീഷ്യൻ ഡിഫെൻഡർ താൽബിയുടെ കാലുകൾക്കിടയിലൂടെ ഉവേദ തൊടുത്ത ലോ-ഡ്രൈവ് ഷോട്ട് വലയിൽ പതിച്ചു.
രണ്ടാം പകുതിയിലും ജപ്പാൻ ആധിപത്യം തുടർന്നു. 69-ാം മിനിറ്റിൽ അയസെ ഉവേദയുടെ മനോഹരമായ വൺ-ടച്ച് പാസിൽനിന്ന് മുന്നേറിയ ഇതോ, ഗോൾകീപ്പറെ മറികടന്ന് ടീമിന്റെ മൂന്നാം ഗോൾ നേടി. 83-ാം മിനിറ്റിൽ സാനോ ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് മനോഹരമായ ഹെഡ്ഡറിലൂടെ വലയിലാക്കി ഉവേദ തന്റെ രണ്ടാം ഗോളും ടീമിന്റെ നാലാം ഗോളും പൂർത്തിയാക്കി. ട്യുണീഷ്യയുടെ പ്രതിരോധ തന്ത്രങ്ങളെല്ലാം ജപ്പാന്റെ വേഗമേറിയ കളിശൈലിക്ക് മുന്നിൽ പാളിപ്പോയി.







