കാലിയായ ഖജനാവാണ് മുന്നിലുള്ളത്; 102 സീറ്റിന്റെ വൻവിജയം വലിയ ഉത്തരവാദിത്തമാണെന്ന് കെ.എം ഷാജി

Screenshot
കണ്ണൂർ: വളരെ കാലിയായിട്ടുള്ള ഒരു ഖജനാവിലേക്കാണ് പുതിയ സർക്കാർ ഭരണം തുടങ്ങാൻ പോകുന്നതെന്നും, ജനങ്ങൾ നൽകിയ വൻവിജയം വലിയൊരു ഉത്തരവാദിത്തമായാണ് കാണുന്നതെന്നും മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. പുതിയ സർക്കാരിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ കേരളത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക അവസ്ഥയിൽ തങ്ങൾക്ക് ആശങ്കകളുണ്ട്. ജനങ്ങളും പാർട്ടിയും ഏൽപ്പിച്ചിട്ടുള്ള 102 അംഗങ്ങളുടെ വലിയ പിൻബലം എന്നത് വലിയൊരു ഉത്തരവാദിത്തമായിട്ടാണ് കാണുന്നത്. അതുകൊണ്ടുതന്നെ വെറുമൊരു ആവേശത്തിലല്ല, മറിച്ച് ഈ ഉത്തരവാദിത്തം എത്രത്തോളം നന്നായി നിർവഹിക്കാൻ സാധിക്കും എന്ന ആലോചനയിലാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭയിലെ വകുപ്പുകളെ സംബന്ധിച്ച് ചില സൂചനകളും ധാരണകളും ഉണ്ടെങ്കിലും അന്തിമമായി പാർട്ടി പ്രഖ്യാപിക്കുന്നതുവരെ അതിൽ പ്രതികരിക്കാനില്ലെന്ന് കെ.എം ഷാജി പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്തെ നല്ല കാര്യങ്ങൾ തുടരുമെന്നും, തിരുത്തേണ്ടവ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിരിക്കുമ്പോൾ താൻ ഉന്നയിച്ച വിമർശനങ്ങൾ ഇനി തന്റെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കാനുള്ള സൂക്ഷ്മത ഭരണത്തിൽ കാണിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഭരണപക്ഷത്തിരുന്ന് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയല്ല, കാര്യങ്ങൾ കൃത്യമായി ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.








