കേരളത്തിൽ ബലിപെരുന്നാൾ മേയ് 28 വ്യഴാഴ്ച; മാസപ്പിറവി കാണാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ 30 പൂർത്തിയാക്കും

Screenshot
കോഴിക്കോട്: കേരളത്തില്‍ ഈ വർഷത്തെ ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) മേയ് 28 വ്യഴാഴ്ച ആയിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു. ഇന്ന് (ദുല്‍ഖഅ്ദ 29) സംസ്ഥാനത്ത് എവിടെയും ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.
ഇതനുസരിച്ച് മേയ് 18 തിങ്കളാഴ്ച ദുല്‍ഖഅ്ദ 30 പൂർത്തിയാക്കി മേയ് 19 ചൊവ്വാഴ്ച ദുല്‍ഹിജ്ജ് ഒന്നാം തീയതിയായിരിക്കുമെന്ന് ഖാദിമാർ വ്യക്തമാക്കി. ദുൽഹിജ്ജ് പത്തിനാണ് ലോകമെമ്പാടുമുള്ള മുസ്ലിംങ്ങൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്.
സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ പ്രതിനിധി സയ്യിദ് അബ്ദുള്ള ഹബീബ് അല്‍ ബുഖാരി എന്നിവരാണ് മാസപ്പിറവി ഉറപ്പിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും മേയ് 28-ന് തന്നെയാകും പെരുന്നാളെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.








