പുതിയ യു.ഡി.എഫ് മന്ത്രിമാരുടെ അന്തിമ പട്ടിക തയ്യാർ, നാളെ സത്യപ്രതിജ്ഞ! വി.ഡി. സതീശൻ പട്ടിക ഗവർണർക്ക് കൈമാറി

തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ അന്തിമ പട്ടിക തയ്യാറായി. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് 20 മന്ത്രിമാരുടെ പട്ടിക കൈമാറി. മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി ഉൾപ്പെടെയുള്ള പ്രമുഖർ പട്ടികയിലുണ്ട്. മുഖ്യമന്ത്രിയോടൊപ്പം മുഴുവൻ മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
വകുപ്പുകളിൽ പൂർണ്ണമായ ധാരണയായെന്നും അത് പിന്നീട് ഔദ്യോഗികമായി അറിയിക്കുമെന്നും ഗവർണറെ കണ്ട ശേഷം വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ എടുത്ത തീരുമാനമാണ് ഈ മന്ത്രിപ്പട്ടികയെന്നും, എന്നാൽ അർഹതപ്പെട്ട ഒരുപാട് പേരെ ഇതിൽ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാന നേതാക്കളുമായി കൃത്യമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്.
പട്ടികയിലെ വമ്പൻ സർപ്രൈസുകൾ
യുവനേതാക്കൾക്ക് വലിയ പ്രാധാന്യം നൽകിക്കൊണ്ടുള്ള പട്ടികയാണ് ഇത്തവണ തയ്യാറാക്കിയിരിക്കുന്നത്. കൽപ്പറ്റ എം.എൽ.എ ടി. സിദ്ദിഖ്, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷ്, അങ്കമാലി എം.എൽ.എ റോജി എം. ജോൺ എന്നിവർ മന്ത്രിപ്പട്ടികയിലേക്ക് എത്തിയത് വമ്പൻ സർപ്രൈസുകളായാണ്.
മന്ത്രിസഭാംഗങ്ങൾ ഇവരാണ്:
വി.ഡി. സതീശൻ (മുഖ്യമന്ത്രി), പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി. അനിൽകുമാർ, കെ.എം. ഷാജി, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, കെ.എ. തുളസി, ടി. സിദ്ദിഖ്, ഒ.ജെ. ജനീഷ്, മോൻസ് ജോസഫ്, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, വി.ഇ. അബ്ദുൾ ഗഫൂർ, ഷിബു ബേബി ജോൺ, സി.പി. ജോൺ, അനൂപ് ജേക്കബ്, എം. ലിജു.
മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായും എത്തും. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിനാണ് നൽകിയിരിക്കുന്നത്.










