23-ാമത് ഫിഫ ലോകകപ്പിന് ഇന്ന് കിക്കോഫ്; ചരിത്രമെഴുതാൻ 48 രാജ്യങ്ങൾ

Screenshot
മെക്സിക്കോ സിറ്റി: കാൽപ്പന്തുകളിയുടെ ലോകമാമാങ്കത്തിന് ഇന്ന് മെക്സിക്കോയിൽ തുടക്കമാകും. നൂറുവർഷത്തോടടുക്കുന്ന ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് രാജ്യങ്ങൾ (മെക്സിക്കോ, കാനഡ, യു.എസ്) സംയുക്തമായി ലോകകപ്പിന് ആതിഥ്യമരുളുന്നത്. ഇന്ത്യൻ സമയം വ്യാഴാഴ്ച രാത്രി 12.30 ന് നടക്കുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. ജൂലൈ 19 ന് യു.എസിലെ ന്യൂ ജഴ്സിയിലാണ് കലാശപ്പോരാട്ടം നടക്കുക.
48 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ടൂർണമെന്റാണിത്. നാല് രാജ്യങ്ങൾ വീതമുള്ള 12 ഗ്രൂപ്പുകളായാണ് ആദ്യഘട്ട മത്സരം നടക്കുക. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും, മൂന്നാം സ്ഥാനത്തെത്തുന്ന മികച്ച എട്ട് ടീമുകളും ഉൾപ്പെടെ 32 ടീമുകൾ അടുത്ത റൗണ്ടിലേക്ക് മുന്നേറും. ലോക ജേതാക്കളായ അർജന്റീന, ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, ബ്രസീൽ തുടങ്ങിയ വമ്പന്മാർക്കൊപ്പം, വെറും 1,56,000 മാത്രം ജനസംഖ്യയുള്ള കുറക്കാവോ എന്ന കൊച്ചുരാജ്യവും ചരിത്രത്തിലാദ്യമായി ലോകകപ്പിൽ മാറ്റുരയ്ക്കാൻ എത്തുന്നുണ്ട്. മെസ്സി, റൊണാൾഡോ, നെയ്മർ, എംബാപ്പെ, ലാമിൻ യമാൽ തുടങ്ങിയ ലോകോത്തര താരനിരയാണ് ഇത്തവണയും കളത്തിലിറങ്ങുന്നത്.
വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകൾ ഇന്ത്യൻ സമയം വ്യാഴാഴ്ച രാത്രി 10.30 ന് ആരംഭിക്കും. ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകൾക്ക് പിന്നിൽ പ്രവർത്തിച്ച മാർക്കോ ബാലിച്ച് ആണ് ദൃശ്യവിസ്മയമൊരുക്കുന്നത്. ആതിഥേയരായ മൂന്ന് രാജ്യങ്ങളെയും കോർത്തിണക്കുന്ന പ്രമേയത്തിലായിരിക്കും ചടങ്ങുകൾ. നൈജീരിയൻ ഗായകൻ ബർണ ബോയ്, കൊളംബിയൻ ഗായിക ഷക്കീറ എന്നിവർ ചേർന്ന് ‘ദായി ദായി’ എന്ന ഔദ്യോഗിക ലോകകപ്പ് ഗാനം വേദിയിൽ ആലപിക്കും.










