പേരാമ്പ്രയിൽ ഗർഭിണിയായ യുവതി കാർ കത്തി മരിച്ച സംഭവം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

Screenshot
കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തിൽ, ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രജിൻലാൽ ആണ് മരിച്ചത്. മെയ് 16 നായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. കാറിലുണ്ടായിരുന്ന രജിൻലാലിന്റെ ഭാര്യ സോന സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. തീപടർന്ന ഉടൻ പുറത്തിറങ്ങിയ രജിൻലാൽ സമീപത്തെ തോട്ടിലിറങ്ങിയാണ് തീയണച്ചത്. ഭർത്താവും മരിച്ചതോടെ ഈ അപകടത്തിലെ ദുരൂഹതകൾ വീണ്ടും വർദ്ധിക്കുകയാണ്.
പോലീസ് നിഗമനവും കുടുംബത്തിന്റെ ആരോപണവും:
കാർ ഓടിക്കുന്നതിനിടെ പെട്രോൾ ഗന്ധം വരികയും പെട്ടെന്ന് തീ പടരുകയുമായിരുന്നു എന്നാണ് രജിൻലാൽ നേരത്തെ മൊഴി നൽകിയിരുന്നത്. പെട്രോളൊഴിച്ച് തീകൊളുത്തിയതിൽ ഭർത്താവ് രജിൻലാലിന് പങ്കില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് നിലവിൽ പോലീസ്. പേരാമ്പ്രയിലെ പെട്രോൾ പമ്പിൽനിന്ന് ഒരു കാനിൽ സോന പെട്രോൾ വാങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. കാൻ പൂർണ്ണമായും കത്തിപ്പോയെങ്കിലും ഇതിന്റെ മൂടി കാറിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഈ നിഗമനത്തിൽ എത്തിയത്. എന്നാൽ പോലീസ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ഭർത്താവിന്റെ മൊഴിയും കണ്ടെത്തലുകളും പാടെ തള്ളുകയാണ് സോനയുടെ കുടുംബം. രജിൻലാലിന്റെ വീട്ടിലേക്ക് പോകാനോ സോനയെ കാണാനോ തങ്ങൾക്ക് വിലക്കുണ്ടായിരുന്നുവെന്നും, പല ദിവസങ്ങളിലും സോന ഫോണിൽ വിളിച്ച് കരഞ്ഞിട്ടുണ്ടെന്നും സഹോദരൻ സോനു ആരോപിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആവർത്തിക്കുന്നത്.









