ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ പിടിയാന ചരിഞ്ഞു; മരണകാരണം ശ്വാസകോശ സംബന്ധമായ അസുഖമെന്ന് പ്രാഥമിക നിഗമനം

Screenshot
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. ഫാമിലെ ബ്ലോക്ക് 10-ൽ കോട്ടപ്പാറ ജലനിധി ടാങ്കിന് സമീപമാണ് 15 വയസ്സോളം പ്രായം തോന്നിക്കുന്ന പിടിയാനയെ ശനിയാഴ്ച രാവിലെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രാവിലെ കണ്ണൂർ ആർ.ആർ.ടി (RRT) പെട്രോളിംഗ് നടത്തുന്നതിനിടെയാണ് ആനയെ കണ്ടത്.
നോർത്തേൺ സർക്കിൾ വെറ്റിനറി സർജൻ ഡോ. ഇല്യാസ് റാവുത്തർ, വെറ്റിനറി സർജൻ ഡോ. മുഹമ്മദ് സിബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പോസ്റ്റ്മോർട്ടം നടത്തി. ശ്വാസകോശ സംബന്ധമായ അസുഖമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആനയുടെ ശരീരത്തിൽ പരിക്കുകളോ മറ്റ് അസ്വാഭാവികതകളോ കണ്ടെത്താനായിട്ടില്ലെന്ന് സംഘം അറിയിച്ചു. കൂടുതൽ പരിശോധനകൾക്കായി ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ വൈറോളജി, ടോക്സിക്കോളജി പരിശോധനകൾക്ക് അയച്ചിട്ടുണ്ട്. ഇവയുടെ ഫലം ലഭിച്ച ശേഷമേ മരണകാരണം പൂർണമായി സ്ഥിരീകരിക്കാനാകൂ എന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.
വൈൽഡ് ആനിമൽ മോർട്ടാലിറ്റി ഓഡിറ്റ് ഫ്രെയിംവർക്ക് (WMAF) പ്രോട്ടോകോൾ പ്രകാരമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചാണ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. ശരീരത്തിൽ പുറത്തുനിന്നുള്ള ലോഹവസ്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്താൻ പോസ്റ്റ്‌മോർട്ടത്തിന് മുൻപായി മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു.
കണ്ണൂർ ഡി.എഫ്.ഒ വൈശാഖ് ഐ.എഫ്.എസ്, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിതിൻ രാജ്, ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ചർ ഷൈനി കുമാർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.പി. സുനിൽകുമാർ, കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി. സന്തോഷ് കുമാർ, സയന്റിഫിക് എക്സ്പേർട്ട് നന്ദൻ വിജയകുമാർ, ആറളം പഞ്ചായത്ത് അംഗം എ.കെ. സുജാത, ചതിരൂർ വി.എസ്.എസ് പ്രസിഡന്റ് കുഞ്ഞുമൊയ്തീൻ തുടങ്ങിയവർ നടപടികൾക്ക് നേതൃത്വം നൽകി. തുടർന്ന് ജഡം നിയമാനുസൃതമായ രീതിയിൽ സംസ്കരിച്ചു.









