കേരളത്തിന്റെ നെല്ലച്ഛൻ; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

Screenshot
കോഴിക്കോട്/വയനാട്: വയനാട്ടിലെ പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകനും പത്മശ്രീ പുരസ്കാര ജേതാവുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ഹൃദയത്തിനു താഴെ ഞരമ്പ് പൊട്ടിയതാണ് മരണകാരണം.
കേരളത്തിന്റെ ‘നെല്ലച്ഛൻ’ എന്ന് ആദരവോടെ വിളിക്കപ്പെട്ടിരുന്ന ചെറുവയൽ രാമൻ, വരുംതലമുറയ്ക്കായി പൈതൃക നെൽവിത്തുകൾ സംരക്ഷിച്ചുപോന്ന മാതൃകാ കർഷകനാണ്. കുറിച്യ സമുദായാംഗമായ അദ്ദേഹം അന്യം നിന്നുപോകുമായിരുന്ന 32-ഓളം ഇനം പരമ്പരാഗത നെൽവിത്തുകളാണ് തന്റെ തോട്ടത്തിൽ കൃഷി ചെയ്ത് സംരക്ഷിച്ചുപോന്നത്. നെൽവിത്തുകൾക്ക് പുറമെ പരമ്പരാഗത പച്ചക്കറി ഇനങ്ങൾ, ഔഷധസസ്യങ്ങൾ, വിവിധ വൃക്ഷങ്ങൾ എന്നിവയും അദ്ദേഹം പരിപാലിച്ചു. നിരവധിയായും വിദ്യാർത്ഥികളും ഗവേഷകരും കർഷകരുമാണ് പരമ്പരാഗത കൃഷിരീതികൾ പഠിക്കാനായി അദ്ദേഹത്തിന്റെ തോട്ടം സന്ദർശിച്ചിരുന്നത്.
2011-ൽ ഹൈദരാബാദിൽ വെച്ചുനടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് അദ്ദേഹമായിരുന്നു. പരമ്പരാഗത കൃഷിമേഖലയ്ക്ക് നൽകിയ അമൂല്യ സംഭാവനകൾ മാനിച്ച് 2023-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു.







